കാഞ്ഞങ്ങാട്: കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ രാജ്മോഹൻ ഉണ്ണിത്താനുമായി ഉള്ള അഭിപ്രായവ്യത്യാസത്തിൽ രാജി വയ്ക്കാൻ ഒരുങ്ങി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. പെരിയാ ഇരട്ട കൊലക്കേസ് പ്രതി മണികണ്ഠനുമായി ഉണ്ണിത്താന് സൗഹൃദമെന്നും ഉദുമയിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി ഭീഷണി. വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചു.
പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനു പിന്നാലെയാണ് കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമായത്. ചടങ്ങിൽ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ബാലകൃഷ്ണൻ പെരിയയെ ലക്ഷ്യമിട്ട് രാജ്‌മോഹൻ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. രക്തസാക്ഷികളുടെ ആത്മാവിനെ വേദനിപ്പിച്ചവർക്ക് മാപ്പില്ലെന്നായിരുന്നു ഉണ്ണിത്താന്റെ വിമർശനം. രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു ബാലകൃഷ്ണൻ പെരിയയുടെ മറുപടി.
Discussion about this post