കൊച്ചി: വിഐപി ക്യൂവിന് പണം വാങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരെ ശക്തമായി രംഗത്തെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മറന്നത് സ്വന്തം സത്യവാങ്മൂലം. ശബരിമലയില്‍ പണം വാങ്ങി ദര്‍ശനമാകാമെന്ന് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ജൂലൈയില്‍ സമര്പിച്ചതാണ് സത്യവാങ്മൂലം. എന്‍ആര്‍ഐകളില്‍ നിന്നും 25 ഡോളര്‍ വരെ പണം വാങ്ങാമെന്നായിരുന്നു നിര്‍ദേശം.
ശബരിമലയില്‍ നിലവിലുളള വിഐപി ക്യൂ ഒഴിവാക്കുമെന്ന് മണ്ഡലകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ 18ന് ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. നിലവിലുളള വിഐപി ക്യൂ ഒഴിവാക്കി പകരം വിഐപി ദര്‍ശനത്തിനായി പ്രത്യേക പണം ഈടാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വിഐപി ക്യു ഒഴിവാക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ യോഗത്തില്‍ തര്‍ക്കവുമുണ്ടായി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തില്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എതിര്‍പ്പ് അറിയിക്കുകയായിരുന്നു.
വിഐപിമാര്‍ക്കുളള പ്രത്യേക ക്യൂ ഒഴിവാക്കാനാവില്ലെന്നായിരുന്നു പ്രസിഡന്റ് വ്യക്തമാക്കിയത്. എന്നാല്‍ തിരുപ്പതി മോഡല്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ പ്രവേശനത്തില്‍ ദേവസ്വത്തിന്റെ അഭിപ്രായം കേള്‍ക്കണമെന്നും പ്രയാര്‍ അറിയിച്ചു. പ്രസിഡന്റിന്റെ വാക്കുകളില്‍ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി തുടര്‍ന്ന് പറഞ്ഞത്.
എന്നാല്‍ മുഖ്യമന്ത്രി യോഗം ചേരുന്നതിന് ആഴ്ച്ചകള്‍ മുമ്പ് പ്രയാറിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് സമര്‍പിച്ച സത്യവാങ്മൂലത്തില്‍ വിഐപി ദര്‍ശനത്തിന് പണം വാങ്ങാമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നുണ്ട്. എന്‍ആര്‍ഐ ഭക്തരില്‍ നിന്ന് 1700 രൂപ വരെ പണം ഈടാക്കാമെന്ന് സത്യവാങ്മൂലം പറയുന്നു.
Discussion about this post