കോഴിക്കോട്: കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് വിവാദത്തിലായ ടൗണ്‍ എസ്ഐ വിമോദിനെ അനുകൂലിച്ച അഭിഭാഷകരുടെ നിലപാട് സംഘടനാ തീരുമാനത്തിന്റെ ഭാഗമായിരുന്നെന്ന് വെളിപ്പെടുത്തല്‍. എസ്ഐയുടെ പല നിലപാടുകളും തെറ്റാണെന്ന് അറിഞ്ഞിട്ടും അനുകൂലമായി നിലകൊള്ളാന്‍ സംഘടനയുടെ സംസ്ഥാന കമ്മറ്റി യോഗം തീരുമാനിക്കുകയായിരുന്നുവെന്ന് ബാര്‍ ഫെഡറേഷന് സംസ്ഥാന ട്രഷററാണ് വ്യക്തമാക്കിയത്.
ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യവെയാണ് ടൗണ്‍ എസ്ഐ ആയിരുന്ന വിമോദിന്റെ പലനടപടികളും തെറ്റാണെന്ന് അറിയാമായിരുന്നെന്ന് ബാര്‍ ഫെഡറേഷന് സംസ്ഥാന ട്രഷറര്‍ എടത്തൊളി രാധാകൃഷ്ണന് വ്യക്തമാക്കിയത്. എന്നാല്‍ വിമോദിനെ രക്ഷിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനാലാണ് രക്ഷിച്ചത്. ഫെഡറേഷന്റെ തീരുമാനപ്രകാരം ആയിരുന്നു നടപടിയെന്നും രാധാകൃഷ്ണന് പ്രസംഗത്തില്‍ വിശദീകരിച്ചു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ പ്രശ്നമില്ലാത്ത കോഴിക്കോട് എസ്ഐ വിമോദ് കോടതിയില്‍ സൃഷ്ടിച്ച പ്രകോപനവും തുടര്‍ന്നുണ്ടായ സംഭവങ്ങളേയും അഭിഭാഷകര്‍ സംഘടനാപരമായി ഉപയോഗപ്പെടുത്തുക ആയിരുന്നെന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
Discussion about this post