ചാര്‍ളി, ഗോവിന്ദചാമി, രാജ എന്നിങ്ങനെ പല പേരുകളുണ്ട് ഈ കുറ്റവാളിക്ക്. പല പേരുകളില്‍ തമിഴ്നാട്ടിലും, കേരളത്തിലും തട്ടിപ്പും പിടിച്ചു പറിയും നടത്തി. നിരവധി കേസുകളില്‍ പ്രതി. ഗോവിന്ദചാമി ചാര്‍ളി എന്ന പേര് മാറ്റി കൃസ്തുമതം സ്വീകരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആകാശപ്പറവകള്‍ എന്ന ഗ്രൂപ്പാണ് ഗോവിന്ദചാമിയെ മതം മാറ്റിയത് എന്നായിരുന്നു വിവരം. സൗമ്യ വധക്കേസിന്റെ തുടക്കത്തില്‍ പോലിസുകാരോട് ഇയാള്‍ പറഞ്ഞതും ചാര്‍ളി എന്ന പേരായിരുന്നു. പല പത്രങ്ങളും ആ പേരിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതും. ഗോവിന്ദചാമിയ്ക്ക് വേണ്ടി നിയമപരിരക്ഷ നല്‍കുന്നത് ആകാശപ്പറവകള്‍ എന്ന സംഘടനയാണ് എന്നും ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ ഇത്തരത്തിലൊന്നും അന്വേഷണം മുന്നോട്ട് പോയില്ല എന്നതാണ് വാസ്തവം.
തമിഴ്നാട്ടിലുള്ള ചില കേസുകളിലും മറ്റും ചാര്‍ളി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് ചാര്‍ളിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സേലം, പഴനി, ഈറോഡ്, കടലൂര്‍, തിരുവള്ളൂര്‍, താമ്പരം എന്നിവിടങ്ങളിലെ കോടതികളില്‍നിന്നെല്ലാം വിവിധ കേസുകളില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊള്ളയും കൊലപാതകവുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ട്രെയിനില്‍ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവര്‍ച്ച ചെയ്ത കേസില്‍ സേലം കോടതിയില്‍ വിചാരണ നടക്കുമ്പോഴാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയത്.
തമിഴ്നാട് കടലൂര്‍ ജില്ലയിലെ വിരുതാചലം സമത്വപുരം ഐവതക്കുടി സ്വദേശിയാണ് പ്രതി. കരസേനയില്‍നിന്ന് വിരമിച്ചയാളുടെ മകനാണ്.ഗോവിന്ദച്ചാമിയുടെ ഏകബന്ധുവായി പൊലീസ് രേഖകളിലുള്ളത് സഹോദരന് സുബ്രഹ്മണിയാണ്. ഇയാള്‍ സേലം ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
അതേസമയം, 2013 ഡിസംബര്‍ 17ന് ഇതേ കേസ് പരിഗണിച്ച കേരളാ ഹൈക്കോടതി, തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദച്ചാമിക്കു വിധിച്ച വധശിക്ഷ ശരിവച്ചുകൊണ്ട് പറഞ്ഞത് സൗമ്യവധക്കേസിലെ ഏകപ്രതി ഗോവിന്ദച്ചാമിക്കു വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആലാചിക്കാനേ കഴിയില്ലെന്നായിരുന്നു. ജസ്റ്റിസ് ടി.ആര്.രാമചന്ദ്രന് നായര്‍, ജസ്റ്റിസ് ബി.കെമാല്‍പാഷ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു കേസ് പരിഗണിച്ചത്. എന്നാല്‍, ഏതാണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേകേസില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇപ്പോള്‍ കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്.
രക്തദാഹിയും കൊടുംക്രിമിനലുമായ പ്രതിക്കു കഴുമരം ഒഴിവാക്കി നല്കുന്നതു നീതിയെ തകിടംമറിക്കും. പൊതുയാത്രാ സംവിധാനത്തെ ആശ്രയിച്ച നിസ്സഹായയായ പെണ്‍കുട്ടിയെ ഹീനവും മൃഗീയവുമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു പരമാവധി ശിക്ഷ നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വധശിക്ഷയും പ്രസക്തി തന്നെ ഇല്ലാതാകും എന്നിങ്ങനെയായിരുന്നു മറ്റൊരു നിരീക്ഷണം
ചാമി പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുമെന്നതു തെളിയിക്കപ്പെട്ടിട്ടുള്ള കൊടുംകുറ്റവാളി സംശയത്തിന്റെ ആനുകൂല്യം ലഭിച്ച് ശിക്ഷയില്‍ ഇളവ് വാങ്ങി എന്നതാണ് വൈചിത്ര്യം. പുറത്തിറങ്ങിയാല്‍ സമൂഹത്തിന് തന്നെ ഭീഷണിയാകുന്ന ക്രിമിനലാണ് ഗോവിന്ദചാമി എന്ന ചാര്‍ളി. സാഹചര്യത്തെളിവുകളും പശ്ചാലവും തെളിവുകളും എല്ലാം ഉയര്‍ത്തിയാല്‍ ഇത്തരമൊരു ഇളവ് ലഭിച്ച് ചാമി കൊലക്കയറില്‍ നിന്ന് രക്ഷപ്പെടില്ലായിരുന്നുവെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്ന ആക്ഷേപത്തിനും മറുപടി പറയേണ്ടി വരും. നിയമവ്യവസ്ഥയെ തന്നെ സംശയത്തിന്റെ നിഴലില്‍ എത്തിച്ച സാഹചര്യം എങ്ങനെയുണ്ടായി എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
Discussion about this post