തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ സമവായ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭാ നടപടികള്‍ തടസപ്പെട്ടതിന് പിന്നാലെയാണ് സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിന് പിന്തുണയ്ക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും നിലപാട് യോഗത്തില്‍ സ്പീക്കറെ അറിയിച്ചു. തുടര്‍ച്ചയായി സഭ തടസപ്പെടുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് സ്പീക്കര്‍ കക്ഷി നേതാക്കളെ അറിയിച്ചു.
രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ ആരംഭിച്ച പ്രതിഷേധം ശൂന്യവേളയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നത് വരെ നീണ്ടു നിന്നു. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത് ബാഡ്ജ് ധരിച്ചും പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ശൂന്യവേളയില്‍, പ്രതിപക്ഷ എം.എല്‍.എമാരുടെ നിരാഹാര സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് അടിയന്തര പ്രമേയത്തിന് അനുമതി തേടി. സര്‍ക്കാര്‍ ചര്‍ച്ചയെ ഭയയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണടച്ച് ഇരുട്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. കരിങ്കൊടി കാണിച്ചവര്‍ ചാനലുകള്‍ വാടകയ്ക്കെടുത്തവരാണെന്ന പ്രസ്താവന മുഖ്യമന്ത്രി വിശദീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍, സര്‍ക്കാരിന്റെ സ്വാശ്രയ നയത്തെ സുപ്രീംകോടതി ശരിവച്ചതായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. കോടതി വിധി വന്നിട്ടും നിരാഹാര സമരം നടത്തുന്നത് എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ഒരേ വിഷയത്തില്‍ നാലു തവണ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും റൂളിംഗ് നല്കി. ഇതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.
Discussion about this post