ഡല്‍ഹി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിന് ഒരാഴ്ചത്തെ സമയം കൂടി സുപ്രീംകോടതി നീട്ടി നല്കി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചത്തെ സമയം കൂടി വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത് അംഗീകരിച്ചാണ് കോടതി ഉത്തരവ്. 250ലേറെ സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാകാനുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, കരുണ മെഡിക്കല്‍ കോളേജിനെതിരെ ജയിംസ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട രേഖകള്‍ കരുണ കോളേജ് കൈമാറുന്നില്ലെന്നാണ് ജയിംസ് കമ്മിറ്റിയുടെ പരാതി. മാനേജ്മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി നല്കിയ അനുമതി സുപ്രീം കോടതി റദ്ദാക്കിയതോടെ കെ.എം.സി.സി.ടി മെഡിക്കല്‍ കോളേജിന് അനുവദിച്ച 150 സീറ്റിലേക്ക് സര്‍ക്കാര്‍ പ്രവേശനം നടത്തേണ്ട സാഹചര്യമുണ്ടായി.
ഗോകുലം മെഡിക്കല്‍ കോളേജിന് 100 സീറ്റിന് കൂടി അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും അത് വിധിക്കു മുമ്പാണ്. ഇതില്‍ 50 സര്‍ക്കാര്‍ സീറ്റ് ഇന്നു തിരുവനന്തപുരത്തു സ്പോട് അഡ്മിഷനില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ നികത്തുന്നുണ്ട്. മാനേജ്മെന്റ് സീറ്റ് അവര്‍ നേരത്തെ നികത്തിയിട്ടുണ്ടെങ്കില്‍ പ്രശ്നമില്ല. ഇല്ലെങ്കില്‍ അതും സര്‍ക്കാര്‍ നികത്തേണ്ടി വരും.
ഇതിന് പുറമെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള കോളേജുകളിലെ മൂന്ന് ഒഴിവുകള്‍ അവര്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് നീറ്റ് റാങ്ക് പട്ടികയില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് നികത്തണം. മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്ന ഇന്ന് ഇതെല്ലാം പൂര്‍ത്തിയാക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചത്.
Discussion about this post