ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് വൃദ്ധനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. മുഹമ്മദ് അഖ്ലാഖ് വധക്കേസില്‍ അറസ്റ്റിലായ ദാദ്രി ബിസാഡ സ്വദേശി റോബിന് എന്ന് വിളിക്കുന്ന രവി (24) ആണ് മരിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതിയെ വൃക്ക തകരാര്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ന്ന ഇയാളുടെ നില മോശമായതോടെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൃക്ക പ്രവര്‍ത്തന രഹിതമായിരുന്നെന്നും ഇതേ തുടര്‍ന്ന് വൈകിട്ട് 7 മണിയോടെ ഇയാള്‍ മരിക്കുകയും ചെയ്തെന്ന് എല്‍എന്‍ജിപി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ കൃത്രിമത്വം നടന്നതായി വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. നോയ്ഡയിലെ ജയിലില്‍ താന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നതായി ഒരു വര്‍ഷം മുമ്പ് ഇയാള്‍ പരാതി നല്കിയിരുന്നതായിട്ടാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
ജയിലില്‍ നിന്നും നോയ്ഡയിലെ ജില്ലാ ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം രാവിലെയാണ് കൊണ്ടുപോയത്. ബുധനാഴ്ച പോസ്റ്റുമാര്‍ട്ടം നടത്തിയാല്‍ മാത്രമേ കൃത്യമായ വിവരം അറിയാന്‍ കഴിയൂ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നടന്ന മരണമായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സെപ്തംബര്‍ 28ന് രാത്രിയാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 20ഓളം പേരടങ്ങുന്ന സംഘം 52കാരനായ മുഹമ്മദ് അഖ്ലാക്കിനെ അടിച്ചുകൊന്നത്. സംഭവത്തില്‍ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഖ്ലാക്കിന്റെ കുടുംബം പശുവിനെ കൊന്ന് ഭക്ഷിച്ചുവെന്ന് അടുത്തുള്ള ക്ഷേത്രത്തില്‍നിന്ന് അനൗണ്‍സ്മെന്റ് ഉണ്ടായതിനെ തുടര്‍ന്നാണ് അക്രമികള്‍ അഖ്ലാക്കിന്റെ വീട്ടിലെത്തിയത്. ഫ്രിഡ്ജില്‍ നിന്ന് മാംസം കണ്ടെടുത്തതോടെ ഇവര്‍ അദ്ദേഹത്തെ അക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഖ്ലാഖിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. എന്നാല്‍, പശുവിന്റെ മാംസമായിരുന്നു ഇതെന്ന് പിന്നീട് നടത്തിയ മറ്റൊരു പരിശോധനാ ഫലം പറയുന്നു.
Discussion about this post