ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. വോട്ടിംഗ് കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ട് ഇൻഡി സഖ്യത്തിലെ നേതാക്കൾക്ക് ഖാർഗെ കത്തയച്ചതാണ് മുന്നറിയിപ്പിന് കാരണമായിട്ടുള്ളത്. ആശയക്കുഴപ്പം പരത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഖാർഗെ നടത്തുന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കുറ്റപ്പെടുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ രണ്ടു ഘട്ടങ്ങളിലെ അന്തിമ വോട്ടിംഗ് ശതമാനം വൈകിയതായിരുന്നു ഖാർഗെ വിമർശനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. വോട്ടിംഗ് ശതമാനം പ്രസിദ്ധീകരിക്കാൻ വൈകിയതിനെതിരെ കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നത്. വോട്ടിംഗ് കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് മല്ലികാർജുൻ ഖാർഗെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉള്ളത് എന്ന് ഇൻഡി സഖ്യത്തിലെ വിവിധ പാർട്ടികളുടെ നേതാക്കൾക്ക് അയച്ച കത്തിൽ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. വോട്ടിംഗ് ശതമാനത്തിൽ വ്യത്യാസം വരുന്നത് ക്രമക്കേടിന് കാരണമാകും എന്നും കത്തിൽ ഖാർഗെ സൂചിപ്പിച്ചിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് എത്തിയിട്ടുള്ളത്.
Discussion about this post