ഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്ന് രണ്ട് മണിയോടെ തുറന്ന കോടതിയിലാവും കോടതി വാദം കേള്‍ക്കുക.
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെടിഎസ്സ് തുളസി ഹാജരാകും.
കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ കൊലപാതക കുറ്റം ജീവപര്യന്തമാക്കി നേരത്തെ പുറപ്പെടുവിപ്പിച്ച ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തരവ് പുനപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രജ്ഞിത്ത് കുമാര്‍ കോടതിയില്‍ വാദിച്ചു. ഈ ഹര്‍ജിയിലാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷതയിലുള്ള ഡിവിഷന് ബെഞ്ച് തീരുമാനിച്ചത്.
ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ വാദം കേള്‍ക്കാനിരിക്കെയാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം കോടതി അറിയിച്ചത്. കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതു വഴി നേരത്തെ കേസിലെ പഴുതുകളെല്ലാം അടച്ചു കൊണ്ടാവും വാദം.
Discussion about this post