കോഴിക്കോട്: 2006-ല്‍ തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ മകന്റെ ഭാര്യയെ നിയമിച്ചത് പാര്‍ട്ടി അനുമതിയോടെയാണെന്ന് സി.പി.എം നേതാവും കണ്ണൂര്‍ എം.പിയുമായ പി.കെ ശ്രീമതി. ആരോഗ്യ മന്ത്രിയായിരിക്കെ മകന്റെ ഭാര്യ ധന്യയെ ആദ്യം പാചകക്കാരിയായും പിന്നീട് പേഴ്സണല്‍ സ്റ്റാഫിലും നിയമിച്ചത് പാര്‍ട്ടി അറിവോടെയാണെന്നാണ് ഫേസ്ബുക്കിലൂടെ ശ്രീമതി വ്യക്തമാക്കുന്നത്.
മന്ത്രി ഭവനത്തില്‍ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്കു നിശ്ചയിക്കാമെന്ന പാര്‍ട്ടി തീരുമാനം സെക്രട്ടറി അറിയിച്ചിരുന്നതായും ശ്രീമതി പറയുന്നു.
ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം:
വിമര്‍ശനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടുളള ഒരു പോസ്റ്റാണിത്. എങ്കിലും 10കൊല്ലം മുന്‍പ് നടന്നതു എന്താണെന്നത് വ്യക്തമാക്കണം എന്നു എന്റെ മനസ് പറയുന്നു. പാര്‍ട്ടിക്കു പോറലേല്‍കാതിരിക്കാന്‍ അന്നു ഞാന്‍ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തില്‍ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്കു നിശ്ചയിക്കാം എന്നു പാര്‍ട്ടി തീരുമാനം സെക്രട്ടറി അറിയിച്ചു. അനുവാദം വാങ്ങി ഞാന്‍ എന്റെ മകളെ (മകന്റെ ഭാര്യ) നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തില്‍ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ബിരുദധാരികളായവരേയെല്ലാം അപ്ഗ്രേഡ് ചെയാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ സ്റ്റാഫിലുളളവരേയും അപ്ഗ്രേഡ് ചെയ്തു.
അതില്‍ എന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ല. എന്നാല്‍, മീഡിയാ ശക്തമായ വിമര്‍ശം എനിക്കു നേരേ മാത്രം ഉയര്‍ത്തി. പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് രാജിവെച്ചു. ഇപ്പോള്‍ മീഡിയയും ബി.ജെ.പി. കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നതു പോലെ എന്റെ മോന്റെ ഭാര്യ പെന്ഷന് വാങ്ങുന്നില്ല. പെന്ഷന് അപേക്ഷിച്ചിട്ടു പോലും ഇല്ലെന്ന കാര്യവും വ്യക്തമാക്കുന്നു.
Discussion about this post