കോഴഞ്ചേരി: ബാങ്ക് കവര്‍ച്ചാ ശ്രമങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായ കമിതാക്കള്‍ അറസ്റ്റില്‍. വടശേരിക്കര മുള്ളമ്പാറ വീട്ടില്‍ അനീഷ് പി നായര്‍, മന്ദമരുതി പാലനില്‍ക്കുന്നതില്‍ സുമ എന്ന് വിളിക്കുന്ന കുമാരി ലത എന്നിവരാണ് അറസ്റ്റിലായത്. കോറ്റാത്തൂര്‍ ഫെഡറല്‍ ബാങ്ക് കവര്‍ച്ചാശ്രമം, എസ്ബിടി എടിഎം, ജില്ലാ സഹകരണ ബാങ്കിന്റെ വടശേരിക്കര ശാഖ തുടങ്ങി 12ഓളം കവര്‍ച്ചാകേസുകളില്‍ ഇരുവരും പ്രതികളാണ്.
ഭാര്യയും രണ്ട് കുട്ടികളുമുള്ള അനീഷ്, കുമാരി ലതയുടെ മകന്റെ സുഹൃത്താണ്. ലത ഭര്‍ത്താവുമായി പിണഞ്ഞി അനീഷിനൊപ്പമാണ് താമസം. മോഷ്ടാക്കളെന്ന് സംശയിക്കാതിരിക്കാന്‍ ദമ്പതികള്‍ ചമഞ്ഞാണ് ഇരുവരും കാറില്‍ യാത്ര ചെയ്തിരുന്നത്. അനീഷിന് ജില്ലാ സഹകരണ ബാങ്കിന്റെ വടശേരിക്കര ശാഖയില്‍ അംഗത്വം ഉണ്ട്. ഈ ബാങ്കിന്റെ സ്ട്രോങ്ങ് റൂമിനോട് ചേര്‍ന്നുള്ള വാതില്‍ തകര്‍ത്ത് ശുചിമിറിയുടെ ഭിത്തി തുരന്ന് അകത്ത് കടക്കാനും ശ്രമിച്ചിരുന്നു.
നാരങ്ങാനം ചാന്തിരത്തില്പടിയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മോഷണശ്രമത്തിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. വഴിയരികില്‍ രാത്രി 2.30ന് കേടായ രീതിയില്‍ കാര്‍ നിര്‍ത്തിയിട്ടായിരുന്നു കവര്‍ച്ചാശ്രമം. എന്നാല്‍ കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ കാറുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വാടകയ്ക്കെടുത്ത കാറില്‍ നിന്ന് അനീഷിന്റെ ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ലഭിച്ചിരുന്നു. ഇതുവഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കോഴഞ്ചേരി സിഐ വിദ്യാധരന്റെ, നേതൃത്വത്തില്‍ ആറന്മുള എസ്ഐ അശ്വിത്തും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Discussion about this post