ശ്രീനഗര്‍: കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. രണ്ട് ഭീകരര്‍ കൂടി കെട്ടിടത്തില്‍ ഉണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഇവരെ ഏതുവിധേനയും കീഴടക്കാനുള്ള പരിശ്രമത്തിലാണ് സേന. ഭീകരര്‍ ഒളിച്ചിരിക്കുന്ന എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിലേക്ക് സൈന്യം ഗ്രനേഡ് പ്രയോഗിച്ചു. കെട്ടിടവും പരിസരവും പുക നിറഞ്ഞിരിക്കുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രനേഡ് ആക്രമണത്തിലും വെടിവെയ്പിലും കെട്ടിടത്തിന് കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി തിങ്കളാഴ്ച രാവിലെയാണ് സൈന്യം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കെട്ടിടത്തിലെ ഹോസ്റ്റല്‍ റൂമില്‍ കടന്ന ഭീകരര്‍ തീയിടുകയും, സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഏറ്റുമുട്ടലില്‍ തിങ്കളാഴ്ച ഒരു ജവാന് പരിക്കേറ്റിരുന്നു. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ഝലം നദിയിലൂടെ ബോട്ടിലാണ് ഭീകരര്‍ ഇവിടെയെത്തിയത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് ഭീകരര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴുനിലക്കെട്ടിടത്തില്‍ കടന്നുകയറിയത്.
കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടിരുന്നു. 48 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആക്രമണം നടത്തിയ മൂന്ന് ഭീകരരെ അന്ന് സൈന്യം വധിച്ചത്.
Discussion about this post