കെവിഎസ് ഹരിദാസ്
സിപിഐക്കാര്‍ വാളെടുത്തിട്ടും, പിണറായി പഴയ വഴിയിലൂടെത്തന്നെയാണ് നീങ്ങുന്നത് എന്നത് ഇന്നലത്തെ തിരുവനന്തപുരം യോഗത്തോടെ വ്യക്തമായി. ഇനി ഇതിനെക്കുറിച്ച് കാനവും കോടിയേരിയും വിഎസും ആനത്തലവട്ടവും എന്തുപറയും എന്നതിനായി കാത്തിരിക്കാം.
മാവോവാദികളെ നേരിടുന്നത് സംബന്ധിച്ച കേരളത്തിലെ സര്‍ക്കാരിന്റെ നിലപാട് എന്താണ്?. ഒരു കാരണവശാലും മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യുക പോലുമരുത് എന്നതാണ് സിപിഐയുടെ സമീപനം. മാവോവാദികള്‍ നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നും അതിനെ നേരിടുന്ന ഇന്നത്തെ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ നേതാക്കള്‍ പലവട്ടം പറഞ്ഞുകഴിഞ്ഞതാണ്. വിഎസ് അച്യുതാനന്ദനെയും ആനത്തലവട്ടം ആനന്ദനെയും പോലുള്ള സിപിഎം നേതാക്കളും അതെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചതും നാമൊക്കെ കണ്ടു. അതിനിടയില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും കണ്ടതാണ്. ഇവരെല്ലാം മാവോയിസ്റ്റുകളെ വെള്ളപൂശാനാണ് ശ്രമിച്ചത്. അവര്‍ നടത്തുന്ന ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നു. നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റുമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിവാദം കുറെയേറെ ശക്തിയാര്‍ജിച്ചതാണ് . അതൊക്കെയാണ് എന്താണ് ഈ പ്രശ്നത്തില്‍ കേരളം സര്‍ക്കാരിന്റെ, കേരള പോലീസിന്റെ നിലപാട് എന്നറിയാന്‍ താല്പര്യം ഉണ്ടാകുന്നത് .
ഇന്നലെ വ്യാഴാഴ്ച തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം നടന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത യോഗത്തില്‍ പിണറായി വിജയമായിരുന്നു ഉപാധ്യക്ഷന്‍. തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ആഭ്യന്തര മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. അവിടെ രാജ്നാഥ് സിങ് ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ്, അല്ലെങ്കില്‍ ഇടതുപക്ഷ തീവ്രവാദ, പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു ചില സൂചനകള്‍ നല്‍കിയിരുന്നു. കേരളവും അത്തരം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും അതിനെ നേരിടണമെന്നും അദ്ദേഹം തുടര്‍ന്നു. സ്വാഭാവികമായും അങ്ങിനെയൊന്നും ഇവിടെ നടക്കുന്നില്ല എന്നും മാവോയിസ്റ്റുകള്‍ നടത്തുന്നത് രാഷ്ട്രീയ -സാമാജിക പ്രവര്‍ത്തനമാണ് എന്നുമൊക്കെ പിണറായി വിജയനും മറ്റു ഉദ്യോഗസ്ഥരും ആ യോഗത്തില്‍ പറയുമെന്നാണ് കരുതിയത്. അതാണല്ലോ വിഎസ് മുതല്‍ ആണത്തലവട്ടവും കാനം രാജേന്ദ്രനും ബിനോയ് വിശ്വവുമൊക്കെ പറയുന്നത്. എന്നാല്‍ അതൊന്നുമുണ്ടായില്ല. അതുമാത്രമല്ല കേരളം അവിടെ സ്വീകരിച്ച നിലപാട് യഥാര്‍ഥത്തില്‍ മാവോയിസ്റ്റുകളെക്കാള്‍ എന്നെയും വല്ലാതെ ഞെട്ടിക്കുകതന്നെ ചെയ്തു. മാവോയിസ്റ്റുകളെ നേരിടാന്‍ പ്രത്യേക ബറ്റാലിയന് വേണമെന്നും അതിനു പണം വേണമെന്നുമാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം.
ഇത് ശരിയാണോ എന്നറിയാന്‍ ഞാന്‍ ആദ്യം നോക്കിയത് ‘ദേശാഭിമാനി’യാണ് . രാജ്നാഥ് സിങ്ങും പിണറായിയുമൊക്കെ പങ്കെടുത്ത സമ്മേളനത്തിന്റെ വാര്‍ത്ത ഉള്‍പ്പേജില്‍ ഉണ്ടെങ്കിലും ഇക്കാര്യം മിണ്ടിയിട്ടില്ല. അതോടെ ആശങ്ക കൂടി; വാര്‍ത്ത തെറ്റായിരിക്കും എന്ന് തോന്നി. പിന്നീട് അഡ്വ. എ ജയ്ശങ്കറിന്റെ ഭാഷയിലെ ‘ഇംഗ്ലീഷ് ദേശാഭിമാനി’ നോക്കി; ‘ഹിന്ദു’ പത്രം. പക്ഷെ, അവര്‍ സത്യസന്ധമായി അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക വര്ത്തതന്നെ ‘ഹിന്ദു’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Union govt has responded favourably to the state’s plea for funds for logistics support to deal with left wing extremism, Chief Secretary SM Vijayanand said here on wednesday. However the Union govt did not agree to Kerala’s demand for an exclusive batallion to deal with the left wing extremism. ‘ The Centre is convinced of the left wing activities in the state’ the Chief Secretary said while briefing media persons about the deliberations at the 27th meeting of the Southern Zonal Council here. ഇതാണ് ‘ഹിന്ദു’ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. ‘ മാവോവാദികളെ നേരിടാന്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ഒരു യൂണിറ്റ്കൂടി സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടെങ്കിലും അത് അനുവദിച്ചില്ല. എന്നാല്‍ അതിനാവശ്യമായ പണം ലഭ്യമാക്കാമെന്നു കേന്ദ്രം ഉറപ്പുനല്‍കിയതായി ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അറിയിച്ചു. ‘ എന്ന് മാതൃഭൂമിയും വര്ത്തനല്കിയിട്ടുണ്ട്.
ഇതെന്തു സൂചനയാണ് നല്‍കുന്നത് എന്നത് പറയേണ്ടതില്ലല്ലോ. പിണറായി വിജയന് സര്‍ക്കാരിന്റെ പോലീസ് നയത്തെ ബിജെപി പിന്തുണക്കണം എന്ന് നേരത്തെ ഞാന്‍ എഴുതിയിരുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് തന്നെയാണ് ഇവിടെ പിണറായി ചെയ്യുന്നത് എന്നതും അന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചതാണ്. ലോകനാഥ് ബെഹ്റയെ ഡിജിപിയായി നിയമിക്കാനുണ്ടായ സാഹചര്യം, അദ്ദേഹത്തിനും പോലീസിനും പിണറായി നല്കുന്ന സ്വാതന്ത്ര്യം, പോലീസില്‍ രാഷ്ട്രീയ ഇടപെടല്‍, അല്ലെങ്കില്‍ സിപിഎം ഭരണം, കഴിയുന്നത്ര ഒഴിവാക്കുന്ന സമ്പ്രദായം എന്നിവയൊക്കെ നല്ലതാണു എന്നതായിരുന്നു എന്റെ വിശകലനം. അത് വീണ്ടും ശരിവെക്കുന്നതാണ് മാവോയിസ്റ്റുകളെ സംബന്ധിച്ച സിപിഎം മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിന്റെ നിലപാട്.
ഇവിടെ മറ്റൊന്നുകൂടി നാം കാണേണ്ടതുണ്ട്. പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന് ഒരു ലേഖനം ദേശാഭിമാനിയില്‍ എഴുതിയിരുന്നുവല്ലോ. അതില്‍ മാവോയിസ്റ്റ് പ്രശ്നവും പോലീസ് നയവുമൊക്കെ പറയുന്നുണ്ട്. പോലീസിനെ ആക്ഷേപിക്കുന്നുമുണ്ട്. അതായതു അദ്ദേഹം അതിലൂടെ ലക്ഷ്യമിട്ടതു പിണറായിയെ തിരുത്തുക എന്നതായിരുന്നു. അതാണ് ആനത്തലവട്ടം പരസ്യമായി പറഞ്ഞതും. പോലീസ് സ്റ്റേഷന് ഭരിക്കാന്‍ കഴിയാത്തതിന്റെ വേദനയാണ് അതിനൊക്കെ പിന്നില്‍ എന്നത് വ്യക്തം. അതിനൊക്കെ ശേഷവും,സിപിഐക്കാര്‍ വാളെടുത്തിട്ടും, പിണറായി പഴയ വഴിയിലൂടെത്തന്നെയാണ് നീങ്ങുന്നത് എന്നത് ഇന്നലത്തെ തിരുവനന്തപുരം യോഗത്തോടെ വ്യക്തമായി. ഇനി ഇതിനെക്കുറിച്ച് കാനവും കോടിയേരിയും വിഎസും ആനത്തലവട്ടവും എന്തുപറയും എന്നതിനായി കാത്തിരിക്കാം. ‘ദേശാഭിമാനി’ ഇതൊക്കെ പ്രസിദ്ധീകരിക്കാതിരുന്നതും ഇപ്പോള്‍ പ്രധാനമായി തോന്നുന്നു.
ജന്മഭൂമി മുന്‍ എഡിറ്ററും, അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനും എഴുത്തുകാരനുമാണ് ലേഖകന്‍
Discussion about this post