ക്രൈസ്തവ മാനേജ്മെന്റുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവന നടത്തിയതായി വിശ്വസിക്കുന്നില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തടയാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. അതില്‍ സഭയ്ക്ക് പ്രത്യേകമായി ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ മാനെജ്മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതായി വിശ്വസിക്കുന്നില്ല. ഏതെങ്കിലും കോളേജ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വിലക്കണം. വിദ്യാഭ്യാസ മേഖലയില്‍ സഭകള്‍ക്കുളള സ്ഥാനം സര്‍ക്കാരിന് നിഷേധിക്കാനാവില്ലെന്നും ആലഞ്ചേരി വ്യക്തമാക്കി.
അതേസമയം സഭയെയും എയ്ഡഡ് മാനേജ്മെന്റുകളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസച്ചട്ട ഭേദഗതി പിന്‍വലിക്കണം. സ്വാശ്രയ കോളെജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Discussion about this post