ഡല്‍ഹി: എടിഎം മെഷീനുള്ള ആദ്യ യുദ്ധ കപ്പലാകാനൊരുങ്ങി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് വിക്രമാദിത്യ. ഏക വിമാനവാഹിനി കപ്പലും ഐഎന്‍എസ് വിക്രമാദിത്യ ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് എടിഎം സ്ഥാപിക്കുന്നത്. ഇതോടെ എടിഎമ്മുള്ള ആദ്യ യുദ്ധകപ്പലായി വിക്രമാദിത്യ മാറും. സാറ്റലൈറ്റ് ലിങ്ക് വഴിയാകും എടിഎമ്മിന്റെ പ്രവര്‍ത്തനം. എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം ഇന്ന് കര്‍ണാടകയിലെ കര്‍വാറില്‍ നടക്കും.
ജെട്ടികളില്‍ നിന്നും നാവിക കോളനികളില്‍ നിന്നും ഏറെ അകലയാണ് എ.ടി.എമ്മുകളുള്ള നഗരങ്ങള്‍. നാവിക സേനാംഗങ്ങള്‍ നാലും അഞ്ചും കിലോമീറ്റര്‍ സഞ്ചരിച്ചാണ് നിത്യേന ഇവിടങ്ങളിലെ എടിഎമ്മുകളിലേക്ക് പോകുന്നത്. ഇത് നാവികര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതു കൊണ്ടാണ് കപ്പലില്‍ തന്നെ സൗകര്യം ഒരുക്കുവാനുള്ള തീരുമാനമെടുത്തതെന്ന് നാവികസേന വക്താവ് ഡി.കെ.ശര്‍മ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പലായ വിക്രമാദിത്യയില്‍ ഇതിനായി സൗകര്യമൊരുക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കുമായി കരാറിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ നിര്‍മിതിയായ ഐഎന്‍എസ് വിക്രമാദിത്യ 2013 ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. 1600 നാവികരാണ് വിക്രമാദിത്യയില്‍ ഉള്ളത്. യഥാര്‍ത്ഥത്തില്‍ ഇതൊരു ഒഴുകുന്ന നഗരമാണ്, ഇവിടെ താമസക്കാര്‍ക്ക് അവരുടേതായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഏറെ സഹായകരമാകുന്നതാണ് എടിഎമ്മെന്നും ശര്‍മ പറഞ്ഞു. വിക്രമാദിത്യയിലേക്ക് ഏതാണ്ട് ഒരു ലക്ഷത്തോളം മുട്ട, 20,000 ലിറ്റര്‍ പാല്, 16 ടണ്‍ അരി എന്നിവ ഓരോ മാസവും വാങ്ങിക്കുന്നുണ്ടെന്നാണ് നാവികസേന അധികൃതര്‍ പറയുന്നത്. 45 ദിവസത്തെ ഭക്ഷണം സൂക്ഷിച്ച് വെക്കാനുള്ള ശേഷിയാണ് കപ്പലിനുള്ളത്.
Discussion about this post