ന്യൂഡല്‍ഹി: കുത്തനെ ഉയരത്തില്‍ പറക്കാനും അതുപോലെ നിലത്തിറങ്ങാനും ശേഷിയുള്ള (വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ്-വി.ടി.ഒ.എല്‍) എയര്‍ ആംബുലന്‍സുകള്‍ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ . ഇതിനായി മദ്രാസ് ഐ.ഐ.ടിയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ ഇ പ്ലെയ്ന്‍ കമ്പനിയുമായി 100 കോടി ഡോളറിന്റെ കരാര്‍ ഒപ്പുവെച്ചു. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 788 എയര്‍ ആംബുലന്‍സുകളാണ് ഇ പ്ലെയ്ന്‍ നല്‍കുക.
ഇന്ത്യയിലെ തന്നെ മുന്‍നിര എയര്‍ ആംബുലന്‍സ് കമ്പനിയായ ഐ.സി.എ.എ.ടിക്കാണ് ഇ പ്ലെയ്ന്‍ 788 ഇ-വി.ടി.ഒ.എല്‍. എയര്‍ ആംബുലന്‍സുകള്‍ നല്‍കുക. പിന്നീട് ഐ.സി.എ.എ.ടി. വഴി രാജ്യത്തെ എല്ലാ ജില്ലകളിലും എയര്‍ ആംബുലന്‍സുകള്‍ വിന്യസിക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എയര്‍ ആംബുലന്‍സുകള്‍ പരിസ്ഥിതിയെ ഹാനികരമായി ബാധിക്കില്ല അതോടൊപ്പം ഗതാഗതക്കുരുക്കിന് ഒരു വലിയ പരിഹാരമാവുകയും ചെയ്യും ഇത്തരം ആംബുലന്‍സുകള്‍.
വ്യത്യസ്ത ഇടങ്ങളിലെ ഭൂപ്രകൃതികള്‍ക്കും ജനസാന്ദ്രതയ്ക്കും അനുസരിച്ചുള്ള എയര്‍ ആംബുലന്‍സ് മാതൃകകളാണ് ഇ പ്ലെയ്ന്‍ നിര്‍മ്മിക്കുക. പൈലറ്റിന് പുറമെ ഒരു രോഗി, ഒരു ആരോഗ്യപ്രവര്‍ത്തക(ന്‍), സ്ട്രക്ചര്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മെഡിക്കല്‍ കിറ്റുകള്‍ എന്നിവ വഹിക്കാന്‍ എയര്‍ ആംബുലന്‍സിന് കഴിയും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഇതിന്റെ ബാറ്ററി ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 110 മുതല്‍ 200 കിലോമീറ്റര്‍ വരെ പറക്കാന്‍ കഴിയും.
എയര്‍ ആംബുലന്‍സ് സേവനങ്ങള്‍ 2026-ന്റെ അവസാനത്തോടെ ആരംഭിക്കാനാണ് ഇ പ്ലെയ്ന്‍ കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 100 യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഇ പ്ലെയ്ന്‍ കമ്പനിക്കുണ്ടെന്ന് സ്ഥാപകനായ സത്യ ചക്രവര്‍ത്തി പറഞ്ഞു. എയര്‍ ആംബുലന്‍സുകള്‍ക്കായി 100 കോടി ഡോളറിന്റെ കരാറുണ്ടാക്കിയെങ്കിലും പുതിയ തരം ഇ-വി.ടി.ഒ.എല്‍. എയര്‍ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കാനും പരീക്ഷണപ്പറക്കല്‍ നടത്താനുമായി 10 കോടി ഡോളര്‍ കൂടി കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post