തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം അവസാനിച്ചതിന് പിന്നാലെ വീണ്ടും വിമര്‍ശനമുയര്‍ത്തി സിപിഐ മുഖപത്രം ജനയുഗം. സമരത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സമാനവും പരിഹരിക്കേണ്ടതുമാണെങ്കിലും അതിന് കക്ഷിരാഷ്ട്രീയത്തിന്റെ അതിര് വരമ്പുകളിടാന്‍ ചില കോണുകളില്‍ നിന്ന് ശ്രമങ്ങളുമുണ്ടായെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി പത്രത്തിലെ കോളമല്ല, എഡിറ്റോറിയലാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞദിവസം പറഞ്ഞതിന് പിന്നാലെയാണ് ലോ അക്കാദമി ഐതിഹാസിക സമരത്തിന്റെ വിജയമെന്ന എഡിറ്റോറിയലും കുറ്റപ്പെടുത്തലും ഉണ്ടായിരിക്കുന്നത്.
എഡിറ്റോറിയലില്‍ സിപിഐഎമ്മിനെതിരെയും എസ്എഫ്ഐക്കെതിരെയുമുളള പരോക്ഷ വിമര്‍ശനങ്ങളുമുണ്ട്. സമരത്തിന്റെ തീക്ഷ്ണതയും ഓരോ ദിവസവുമുള്ള വര്‍ധിത വീര്യവും കാരണം ആദ്യഘട്ടത്തില്‍ മാറിനിന്നവരും സമരത്തിലേക്ക് വരുന്ന സാഹചര്യമുണ്ടായെന്നാണ് എസ്എഫ്ഐക്കെതിരെയുളള വിമര്‍ശനം. വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചാണ് സമരമുഖത്ത് ഉറച്ചു നിന്നത്. എന്നാല്‍ സമരത്തെ പൊളിക്കാനും ഒറ്റുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ അകത്തും പുറത്തും നിന്നുമുണ്ടായി. സമരത്തില്‍ നിന്ന് പിന്മാറ്റാനുള്ള ശ്രമങ്ങള്‍ പല വഴിക്കാണ് നടത്തിയത്. സമ്മര്‍ദങ്ങള്‍ ഉപയോഗിച്ചും വീട്ടുകാരെ ഭയപ്പെടുത്തിയുമൊക്കെ അതിനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്ന് വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പരസ്യമായി സമ്മതിക്കുമ്പോഴും മാനേജ്മെന്റിന്റെ പിണിയാളുകളായി ഉത്തരവാദപ്പെട്ട ചിലരെങ്കിലും പ്രവര്‍ത്തിച്ച അനുഭവവും ഈ സമരമുഖത്തു കാണാനായി. അതുകൊണ്ടാണ് സമരം ഒരു മാസത്തോളം നീണ്ടുപോയതെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.
അന്വേഷണത്തില്‍ കുറ്റകരമായ നടപടികള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് കണ്ടെത്തിയിട്ടും നടപടി വേണ്ടെന്ന തീരുമാനമെടുത്തതുള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ ഇതിന് തെളിവായി ചൂണ്ടിക്കാട്ടാനുണ്ട്. മുഷ്ക്കില്ലാതെയും അവധാനതയോടെയും ഉത്തരവാദപ്പെട്ടവര്‍ സമീപിച്ചിരുന്നുവെങ്കില് എത്രയോ നേരത്തേ തന്നെ അവസാനിക്കുന്നതായിരുന്നു ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം. അതുകൊണ്ടുതന്നെ അനാവശ്യവിവാദങ്ങള്‍ക്കും ഇടയുണ്ടാക്കിയെന്നും ജനയുഗം പറയുന്നു.
Discussion about this post