കോഴിക്കോട്: എസ്എഫ്ഐയെയും ഡിവൈഎഫ്ഐയെയും വിമര്‍ശിക്കുന്നവര്‍ വലതുപക്ഷത്തിന് സേവനം ചെയ്യുന്നവരാണെന്ന് സിപിഐയെ വിമര്‍ശിച്ച് മുന്‍ മന്ത്രി ഇ. പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടതു പക്ഷത്തു നില്‍ക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ്, എസ്എഫ്ഐ യെ കരിവാരിത്തേക്കാന്‍ നടക്കുന്ന ചിലരെന്നും ഇ.പി ജയരാജന് ആരോപിക്കുന്നു.
ഒരു കോളേജിലെ സമരത്തെ ഗവര്‍മെന്റ് വിരുദ്ധ കലാപമാക്കി മാറ്റി ഇടത് മുഖം നല്‍കുന്നത് ജീര്‍ണതയാണെന്നും അദ്ദേഹം പറഞ്ഞു. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്ടിച്ച് വലതുപക്ഷത്തിനെ സഹായിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ ചെയ്യുന്നതിനെ മിതമായി പറഞ്ഞാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ നോക്കലാണെന്നും അദ്ദേഹം പറയുന്നു. കേരള ലോ അക്കാദമിക്ക് ഭൂമി നല്കിയതു ആരാണെന്നത് രഹസ്യമല്ല. അതിന് പ്രായശ്ചിത്തമായി എസ്.എഫ്.ഐയുടെ മെക്കിട്ട് കേറേണ്ടതില്ല. റവന്യൂ ഭൂമി പഠിച്ചെടുത്തു കെട്ടിടം പണിതു മേല്‍ വാടകയ്ക്ക് കൊടുത്ത് കച്ചവടം നടത്തുന്നവര്‍ നാട്ടിലുണ്ട്. അത്തരക്കാര്‍ക്കു പോലും നിയമ പരിരക്ഷ നല്‍കിയത് ആരാണെന്നു ഓര്‍ത്താല്‍ നല്ലതാണെന്നും ഇ.പി. ജയരാജന് ഓര്‍മ്മിപ്പിക്കുന്നു.
ഇ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും വർധിച്ച പിന്തുണയിലും വളർച്ചയിലും അസൂയപൂണ്ടവരുടെ ആക്രോശങ്ങളും അപവാദ പ്രചാരണവും കേരളീയ സമൂഹത്തെ മലീമസമാക്കുകയാണ്. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടതു പക്ഷത്തു നിൽക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ്, എസ് എഫ് ഐ യെ കരിവാരിത്തേക്കാൻ നടക്കുന്ന ചിലർ.
വിദ്യാർത്ഥിസമൂഹത്തിന്റെ ജീവൽപ്രശ്നങ്ങളെ മുന്‍നിര്‍ത്തി തീക്ഷ്ണസമരങ്ങളേറ്റെടുത്ത് വളർന്നുവന്ന എസ്എഫ്ഐ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം നെഞ്ചേറ്റി വളര്‍ത്തുന്ന വിദ്യാർത്ഥി പ്രസ്ഥാനമായതുകൊണ്ടാണ് എല്ലാ സർവകലാശാലകളിലും മഹാഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിന്റെ വിജയപതാക പാറുന്നത് . അരാഷ്ട്രീയം വളർന്നുവരുന്ന ക്യാമ്പസ്സുകളുടെ നാഡീസ്പന്ദനമറിഞ്ഞ് സമരപ്രക്ഷോഭങ്ങളേറ്റെടുത്ത് മുന്നേറുന്ന എസ്എഫ്ഐയും വര്‍ഗീയ-ഫാസിസ്റ്റ് ഭീകരത വളര്ർന്നുവരുന്ന നാടിന്റെ ഹൃദയമിടിപ്പ് മനസ്സിലാക്കി വർഗീയ-ഫാസിസ്റ്റുകൾക്കെതിരെ നെഞ്ചുവിരിച്ച് പോരാട്ടവീറോടെ നിൽക്കുന്ന ഡിവൈഎഫ്ഐയും വർഗീയവൈതാളികൾക്കും ഫാസിസ്റ്റുകൾക്കും അലോസരമാണ്. അത് അംഗീകരിക്കാനാവാത്തവർ , വര്‍ഗീയ-ഫാസിസ്റ്റ് ശക്തികളോടൊപ്പവും എൽഡിഎഫ് വിരുദ്ധരോടൊപ്പവും തോൾചേർത്ത് നടത്തുന്ന പ്രകടനങ്ങൾ അവസാനിപ്പിക്കണം.
ഒരു കോളേജിലെ സമരത്തെ ഗവർമെന്റ് വിരുദ്ധ കലാപമാക്കിമാറ്റി ആ സമരത്തിന് ഇടതുപക്ഷമുഖം നൽകുവാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്ട്രീയജീർണതയാണ്.
വാചക വിരുന്നുകളിലൂടെ ആ ജീർണതയെ ന്യായീകരിക്കാനുള്ള ശ്രമം അപഹാസ്യവുമാണ്. ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് തേര്‍വാഴ്ചയ്ക്ക് ഹാലേലുയ്യ പാടി അധികാരം പങ്കിട്ടവർ അന്നും ഇത്തരം ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിയിട്ടുണ്ടെന്നുള്ളതാണ് ചരിത്രം.
കേരള ലോ അക്കാദമിക്ക് ഭൂമി നൽകിയതു ആരാണെന്നത് രഹസ്യമല്ല. ആ ചെയ്തിയും അവസരവാദവും പുറത്തു വരുമ്പോൾ പ്രായശ്ചിത്തം ചെയ്യുവാൻ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും മെക്കിട്ടുകയറുന്നത് രാഷ്ട്രീയ മര്യാദയുമല്ല, സാമാന്യ മര്യാദയുമല്ല. . വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാമൂഹ്യസേവനമേഖലയിലെ ഏജൻസികള്‍ക്കും പാറശ്ശാല മുതൽ മഞ്ചേശ്വരംവരെ സാമൂഹ്യസേവനം മുൻനിർത്തിയുള്ള ആവശ്യങ്ങൾക്ക് വിവിധ ഗവൺമെന്റുകൾ ഭൂമി പതിച്ചുനല്കിയിട്ടുണ്ട്. അവയെല്ലാം ക്രമപ്രകാരവും നീതിയുക്തവുമായാണ് വിനിയോഗിക്കപ്പെടുന്നതെങ്കിൽ അതിനെ ചോദ്യം ചെയ്യുവാന്‍ നിയമവ്യവസ്ഥ അനുവദിക്കില്ല. അത് സാക്ഷരരായ ഏവര്‍ക്കും അറിവുള്ളതാണ്. റവന്യൂ ഭൂമി പഠിച്ചെടുത്തു കെട്ടിടം പണിതു മേൽ വാടകയ്ക്ക് കൊടുത്ത് കച്ചവടം നടത്തുന്നവർ നാട്ടിലുണ്ട്. അത്തരക്കാർക്കു പോലും നിയമ പരിരക്ഷ നൽകിയത് ആരാണെന്നു ഓർത്താൽ നല്ലത്.
രാഷ്ട്രീയമായി ശ്രദ്ധ നേടാനുള്ള അഭ്യാസങ്ങൾ അതിരുവിടുന്നത് ശുഭകരമല്ല. ഗവണ്മെന്റിനെ ദുര്ബലപ്പെടുത്തുവാന് ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്നത് അപലപനീയമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതു പക്ഷ ശക്തികൾക്ക് സഹായം നൽകുകയും ചെയ്യുന്നത് മിതമായി പറഞ്ഞാൽ ഇരിക്കുന്ന കൊമ്പ് മുറിക്കാൻ നോക്കലാണ്.
ഇടതുപക്ഷശക്തികളെ ദുര്‍ബലപ്പെടുത്തി ഫാസിസ്റ്റ് വര്‍ഗീയ ഭീകരതയ്ക്ക് വളക്കൂറുണ്ടാക്കിക്കൊടുക്കുവാനുള്ള ശ്രമങ്ങളിൽനിന്നും ഇത്തരം ആളുകൾ പിന്മാറിയില്ലെങ്കിൽ ഇപ്പോൾ കൂടെനില്‍ക്കുന്ന ചില്ലറ ആളുകളും കൂടി പിരിഞ്ഞുപോകുന്ന ദയനീയ സ്ഥിതിയിലേക്ക് അധഃപതിക്കും എന്ന് ഓർമ്മപ്പെടുത്തുന്നു.
[fb_pe url=”https://www.facebook.com/epjayarajanonline/posts/421501418193481″ bottom=”30″]
Discussion about this post