മലപ്പുറം: സ്റ്റെന്റുകളുടെ വില കുറച്ചതിന്റെ പ്രയോജനം പൂര്‍ണമായും രോഗികളിലെത്തണമെന്ന് ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ നിര്‍ദേശം. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന അധികൃതരോട് സമിതി ആവശ്യപ്പെട്ടു. ഉത്തരവ് പ്രസിദ്ധീകരിച്ച ദിവസംമുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വന്നതായി അറിയിപ്പ് എടുത്തുപറയുന്നു. ഇക്കാര്യത്തില്‍ പലയിടത്തുനിന്നും സംശയമുയരുന്ന സാഹചര്യത്തിലാണ് വ്യക്തത വരുത്തുന്നതെന്നും അറിയിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെ പുതുക്കിയ വില സംബന്ധിച്ച് വിതരണക്കാര്‍ക്കും ചില്ലറവില്‍പ്പനക്കാര്‍ക്കും ഉടന്‍തന്നെ വിവരം നല്‍കണം. ഇതിന്റെ പകര്‍പ്പ് വിജ്ഞാപനം വന്ന് 15 ദിവസത്തിനകം ഡ്രഗ് കണ്ട്രോളര്മാര്ക്കും സര്‍ക്കാരിനും നല്‍കണം.
നിലവിലെ സ്റ്റോക്കെല്ലാം തിരിച്ചെടുത്ത് പുതിയ വില പതിക്കണമെന്ന് നിര്‍ബന്ധമില്ല. ഉത്പന്നങ്ങള്‍ പുതിയ വിലയ്ക്ക് വില്‍ക്കുകയും കണക്കുകള്‍ സൂക്ഷിക്കുകയും ചെയ്താല്‍മതി. എന്നാല്‍, ഇപ്പോഴത്തെ വിലമാറ്റി പുതിയത് പതിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അതിന് തടസ്സമില്ല. പക്ഷേ, ഇതുമൂലം സ്റ്റെന്റുകള്‍ക്ക് ക്ഷാമമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. വിപണിയില്‍ കൃത്രിമക്ഷാമമുണ്ടാക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും ശ്രമിക്കുന്നതായി സൂചനയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രതവേണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈമാസം പതിമ്മൂന്നിനാണ് സ്റ്റെന്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 85 ശതമാനംവരെ വിലകുറച്ചത്.
സ്റ്റെന്റ് വില അട്ടിമറിക്കുന്നതായി വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വിഭാഗം കേരളത്തിലും പരിശോധന തുടങ്ങി. വിവിധ സ്ഥലങ്ങളിലെ 12 ആശുപത്രികളിലും പ്രധാന വിതരണക്കാരെ കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന. നിയമലംഘനം കണ്ടെത്തിയിട്ടില്ല. അമിതവില ഈടാക്കിയതായോ ചികിത്സ തടസ്സപ്പെട്ടതായോ പരാതികള്‍ കിട്ടിയിട്ടില്ല.
‘സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് സ്റ്റെന്റ് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോടും ദേശീയ ഔഷധവില നിയന്ത്രണ സമിതി, ഡ്രഗ് കണ്ട്രോളര് ജനറല്‍ ഇന്ത്യയോടും രേഖാമൂലം നിര്‍ദേശിച്ചിട്ടുണ്ട്. ഹൃദ്രോഗികള്‍ക്ക് ആവശ്യാനുസരണം സ്റ്റെന്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും’ ജയ് പ്രിയെ പ്രകാശ്, ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് സെക്രട്ടറി
Discussion about this post