ചെന്നൈ; സിനിമാ ചിത്രീകരണത്തിനിടെ തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രമിന് ഗുരുതരമായി പരിക്കേറ്റു. പാ രഞ്ജിത്തിന്റെ തങ്കലാൽ എന്ന സിനിമയുടെ റിഹേഴ്‌സലിനിടെയാണ് അപകടം. അപകടത്തിൽ വിക്രമിന്റെ വാരിയെല്ല് ഒടിഞ്ഞതായാണ് വിവരം.
ഡോക്ടർമാർ അദ്ദേഹത്തിന് സർജ്ജറി നിർദ്ദേശിച്ചിരിക്കുകയാണ്. ഒരു മാസത്തോളം താരത്തിന് സിനിമാ രംഗത്ത് നിന്ന് ഇടവേള എടുക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ തങ്കലാൻ ചിത്രീകരണവും താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
വിക്രമിന്റെ ഓഫീസിൽ നിന്നും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ‘പൊന്നിയൻ സെൽവൻ 2ലെ പ്രകടനത്തിന് ലോകമെമ്പാട് നിന്നും ആദിത്യകരികാലന് അഥവാ ചിയാൻ വിക്രമിന് ലഭിച്ച് കൊണ്ടിരിക്കുന്ന നിറഞ്ഞ സ്നേഹത്തിനും അഭിനന്ദനങ്ങൾക്കും എല്ലാവർക്കും നന്ദി പറയുന്നു. ഷൂട്ടിംഗ് റിഹേഴ്സലിനിടെ ചിയാന് പരിക്ക് പറ്റുകയും അദ്ദേഹത്തിന്റെ വാരിയെല്ല് പൊട്ടുകയും ചെയ്ത സാഹചര്യത്തിൽ തങ്കലാൻ ടീമിനൊപ്പം കുറച്ച് നാളത്തേക്ക് അദ്ദേഹത്തിന് ചേരാൻ സാധിക്കില്ല. അദ്ദേഹം എല്ലാവരുടേയും സ്നേഹത്തിന് നന്ദി അറിയിക്കുന്നു. എത്രയും വേഗത്തിൽ തന്നെ കൂടുതൽ ഊർജ്ജത്തോടെ തിരിച്ച് വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു, എന്നാണ് വിക്രമിന്റെ മാനേജർ ആയ യുവരാജ് ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നത്.
Discussion about this post