കേരള സ്റ്റോറി മികച്ച സിനിമ; ഐഎസിന്റെ റിക്രൂട്ട്മെന്റ് ഇങ്ങനെ തന്നെയാണ്; ഇന്ത്യയിൽ നിന്ന് ഹിന്ദു പെൺകുട്ടി ഐഎസിൽ പോയെന്നത് ഞെട്ടിക്കുന്നു; തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് ജേർണലിസ്റ്റ്

Published by
Brave India Desk

ലണ്ടൻ : കേരള സ്റ്റോറി മികച്ച സിനിമയെന്ന് ബ്രിട്ടീഷ് ജേർണലിസ്റ്റ് നവോമി കാന്റൺ. ഐ‌എസ് ഭീകരരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കുന്ന മികച്ച ചിത്രമാണിത്. ഇങ്ങനെയൊരു സിനിമ ഇതുവരെ കണ്ടിട്ടില്ല. ഇതിനെ പ്രൊപ്പഗൻഡ സിനിമയെന്ന് വിളിക്കുന്നതാണ് യഥാർത്ഥ പ്രൊപ്പഗൻഡയെന്ന് നവോമി കാന്റൺ ചൂണ്ടിക്കാട്ടി.

ഐഎസ് ഭീകരരെ വിവാഹം കഴിക്കുന്നത് മുസ്ലിം ആയാലും അമുസ്ലിം ആയാലും അവർ നേരിടുന്നത് ഒരേ വിധിയാണ്. സ്വർഗം വാഗ്ദാനം ചെയ്യുന്നതിൽ വിശ്വസിച്ച് എത്തുന്ന അവർക്ക് കിട്ടുന്നത് പീഡനവും ബലാത്സംഗങ്ങളുമാണ്. എല്ലാ സ്വാതന്ത്ര്യങ്ങളും ഇല്ലാതാകുന്നു. പാസ്പോർട്ട് പോലും നഷ്ടമാകുന്നു. ഷമീമ ബീഗത്തെപ്പോലെ ഒരു തീവ്രവാദി ആയില്ലെങ്കിൽ അവരിത് നേരിടേണ്ടി വരും. കാന്റൺ വ്യക്തമാക്കി.

തീവ്ര ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടാൻ പാകപ്പെടുത്തുകയും തീവ്രവൽക്കരിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ രണ്ട് ഹിന്ദു പെൺകുട്ടിയുടേയും ഒരു ക്രിസ്ത്യൻ പെൺകുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. ഇതൊരു സിനിമയാണ്. ഡോക്യുമെന്ററിയല്ല. ഈ സംഭവങ്ങളിൽ നിന്നാണ് പ്രചോദനമുൾക്കൊണ്ടത്. ഇവരെ മതപരിവർത്തനം നടത്താൻ പ്രേരണ കൊടുത്തവർ ഇപ്പോൾ കേരളത്തിൽ പിസ പാർലർ നടത്തുകയാണ്. ഇന്ത്യയിൽ നിന്ന് ഒരു ഹിന്ദു പെൺകുട്ടി ഐഎസിൽ പോയതായി തനിക്ക് അറിയുകയേ ഇല്ലായിരുന്നുവെന്നും നവോമി കാന്റൺ പറഞ്ഞു.

ഐഎസ് തീവ്രവാദത്തിന്റെ അപകടങ്ങളും അവരുടെ ഭീകര മാർഗ്ഗങ്ങളും സിനിമ തുറന്ന് കാണിച്ചത് എന്തുകൊണ്ടും നല്ലതാണ്. ഐഎസിന്റെ പ്രൊപ്പഗൻഡയാണ് സിനിമ കാണിക്കുന്നത്. അല്ലാതെ ഈ സിനിമയല്ല പ്രൊപ്പഗൻഡയെന്നും അവർ അഭിപ്രായപ്പെട്ടു.ബ്രിട്ടനിൽ കേരള സ്റ്റോറി റിലീസ് ചെയ്തത് നന്നായെന്നും അവർ ചൂണ്ടിക്കാട്ടി

ഹിന്ദുസ്ഥാൻ ടൈംസിനും ടൈംസ് ഓഫ് ഇന്ത്യയ്ക്കും വേണ്ടി ലണ്ടനിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ള നവോമി കാന്റൺ ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Share
Leave a Comment

Recent News