ലഖ്നൗ: യുവാവിനെ കൊല ചെയ്ത് മൃതദേഹം വെട്ടിനുറുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബരേയ്ലി മീര്‍ഗഞ്ച് സ്വദേശി ശിവംകുമാറിനെ(22)യാണ് സുഹൃത്തായ 22-കാരന് കൊലപ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പ്രതി പോലീസിന് നേരേ വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടലിനൊടുവില്‍ വെടിവെച്ച് വീഴ്ത്തിയശേഷമാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ക്ഷീരകര്‍ഷകനായ ശിവംകുമാറിനെ കാണാതായത്. പിറ്റേദിവസം റെയില്‍പാളത്തിനരികിലെ തോട്ടത്തില്‍ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കിയനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും ശിവംകുമാറിന്റെ ഫോണ്‍കോള്‍ വിവരങ്ങളും പരിശോധിച്ചശേഷമാണ് രണ്ടുദിവസത്തിനുള്ളില്‍ പോലീസ് പ്രതിയെ പിടികൂടിയത്.
പ്രതിയും കൊല്ലപ്പെട്ട ശിവംകുമാറും ബാല്യകാല സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് ശിവംകുമാര്‍ നിര്‍ബന്ധിച്ച് പ്രതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. അന്ന് ശിവംകുമാറില്നിന്ന് ഉപദ്രവം നേരിട്ടതില്‍ പ്രതിക്ക് പകയായി. ഇതിന് പ്രതികാരംചെയ്യണമെന്ന് തീരുമാനിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
ആസൂത്രിതമായാണ് ഇയാള്‍ കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. എങ്ങനെ കൊലപാതകം നടത്തണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, പ്രതിയുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post