മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂര്‍ സ്വദേശിക്ക് സ്ഥിരീകരിച്ചത് എംപോക്സ് ക്ലേഡ് വണ്‍ ബി വിഭാഗം. ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്.
ഇന്ത്യയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതും എംപോക്സ് 2 ആണ്. ഇതിന്റെ മറ്റൊരു ‘താവഴി’ ആണ് എംപോക്സ് വണ്‍ ബി എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ദുബായില്‍ നിന്ന് സെപ്റ്റംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂര്‍ സ്വദേശിക്കാണ് എംപോക്സ് വണ്‍ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതപ്പെടുന്ന മങ്കിപോക്‌സ് അഥവാ എംപോക്‌സ് 1970-കളിലാണ് ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്. ഓര്‍ത്തോപോക്‌സ് വൈറസ് വിഭാഗത്തിലെ ഒരു സ്പീഷീസായ മങ്കിപോക്‌സ് വൈറസ് മൂലമുണ്ടാകുന്ന ഈ വൈറസ് ബാധ വസൂരിക്ക് (സ്‌മോള്‍പോക്‌സ്) സമാനമായ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്.
ലക്ഷണങ്ങള്‍
പനി, തലവേദന, പേശിവേദന, വിറയല്‍, നടുവേദന, കഠിനമായ ക്ഷീണം എന്നിവയാണ് മങ്കിപോക്‌സ് വൈറസ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍.
സാധാരണഗതിയില്‍, ചെവിക്ക് പുറകിലോ താടിയെല്ലിന് താഴെയോ കഴുത്തിലോ ഞരമ്പിലോ വീര്‍ത്ത ലിംഫ് നോഡുകള്‍ പ്രത്യക്ഷപ്പെടാം.
മുഖത്തും കൈകളിലും കാലുകളിലും ജനനേന്ദ്രിയങ്ങളിലും കണ്ണുകളിലും ഉള്‍പ്പെടെ വസൂരിക്ക് സമാനമായ കുമിളകള്‍ പൊങ്ങും
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്‌സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
Discussion about this post