ന്യൂഡൽഹി; ലണ്ടനിൽ നടത്തിയ പരാമർശങ്ങളിൽ വിശദീകരണം നൽകാൻ ലോക്‌സഭയിൽ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓംബിർലയ്ക്ക് രാഹുൽ ഗാന്ധിയുടെ കത്ത്. പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യം ബിജെപി ശക്തമാക്കിയ സാഹചര്യത്തിലാണ് രാഹുലിന്റെ നീക്കം. ലണ്ടൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം അദ്ദേഹം ലോക്‌സഭാ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലണ്ടനിൽ താൻ നടത്തിയ പരാമർശങ്ങൾ ബിജെപി തെറ്റിദ്ധരിച്ചെന്നും അതിനാൽ സഭയിൽ ഇതിന് വിശദീകരണം നൽകണമെന്നുമാണ് രാഹുൽ കത്തിൽ പറയുന്നത്. ഇതിനായി സഭയിൽ തനിക്ക് സമയം നൽകണമെന്നും കത്തിൽ ആവശ്യമുണ്ട്. രാജ്യത്ത് തിരികെ എത്തിയതിന് ശേഷം അദ്ദേഹം വിഷയത്തിൽ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. അതേസമയം നേരത്തെ താൻ രാജ്യത്തെ അപകീർത്തിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് ആയിരുന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
ഇന്ത്യയിൽ ജനാധിപത്യം തകർന്നുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ വലിയ ദുരിതമാണ് ഇതിനാൽ അനുഭവിക്കുന്നത് എന്നുമൊക്കെയായിരുന്നു ലണ്ടനിൽ രാഹുൽ നടത്തിയ പരാമർശം. കേംബ്രിഡ്ജ് സർവ്വകലാശാലയുടെ പരിപാടിയ്ക്കിടെ നിരവധി തവണ അദ്ദേഹം ഈ പരാമർശങ്ങൾ ആവർത്തിക്കുകയും ചെയ്തു. ഇതാണ് ബിജെപിയിൽ ശക്തമായ പ്രതിഷേധം ഉളവാക്കിയത്. പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യം രാജ്യസഭയിലും ലോക്‌സഭയിലും ബിജെപി ഉയർത്തിയിരുന്നു. എന്നാൽ രാഹുൽ ഇതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുൾപ്പെടെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
Discussion about this post