തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോം സ്‌റ്റേ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ അഡ്വ. വി.ജി ഗിരികുമാറിന് ജാമ്യം. ഗിരികുമാറിനെതിരെ ചുമത്തിയിരിക്കുന്നത് കളളക്കേസാണെന്ന ആരോപണം നിലനിൽക്കെയാണ് ജാമ്യം ലഭിച്ചത്.
ജയിലിന് പുറത്ത് ഗിരികുമാറിന് ഉജ്ജ്വല സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയത്. നാലര വർഷത്തിലധികം പഴക്കമുളള കേസിൽ കഴിഞ്ഞ ദിവസമാണ് ഗിരികുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷൻ പിടിപി വാർഡ് കൗൺസിലറാണ് ഗിരികുമാർ. കോർപ്പറേഷനിൽ ഇടത് അഴിമതി ഭരണത്തിനെതിരെ ബിജെപി നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനും ബിജെപിയുടെ നഗരത്തിലെ മുന്നേറ്റം തടയാനുമാണ് ഗിരികുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി ആരോപിച്ചിരുന്നു.
അഡ്വ. ശാസ്തമംഗലം അജിത് ആണ് ഗിരികുമാറിന് വേണ്ടി കോടതിയിൽ ഹാജരായത്. നിയമപരമായ രീതിയിൽ ഗിരികുമാറിന് വേണ്ടി പോരാട്ടം തുടരുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ ഘടകം അറിയിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ ഉൾപ്പെടെയുളള നേതാക്കൾ തിരുവനന്തപുരത്ത് ഗിരികുമാറിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു.
2018 ഒക്ടോബർ 27 ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ഹോം സ്‌റ്റേയ്ക്ക് തീവെച്ചത്. രണ്ട് കാറുകൾ അടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിച്ച കേസിൽ നേരത്തെ മുതൽ പോലീസ് ഇരുട്ടിൽ തപ്പുന്ന സമീപനമാണ് സ്വീകരിച്ചത്.












