തൃശൂർ: കേരളത്തിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മരുമകനുമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റു മന്ത്രിമാർക്കൊന്നും യാതൊരു അധികാരവുമില്ല. കേരളത്തിൽ മന്ത്രിസഭ എന്നൊന്ന് ഉണ്ടെന്ന് തോന്നില്ല. മന്ത്രിസഭാ പുനസംഘടന നടത്തിയാൽ അതിൽ ജനങ്ങൾക്ക് യാതൊരു ഉപകാരവും ലഭിക്കില്ല. അത് മച്ചിപ്പശുക്കളെ തൊഴുത്തു മാറ്റിക്കെട്ടുന്നതുപോലെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ബി ജെ പി സംസ്ഥാനനേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നടക്കുന്നത് സമ്പൂർണ്ണ ഭരണസ്തംഭനമാണ്. നരേന്ദ്രമോദി സർക്കാരിൻ്റെ സഹായമില്ലെങ്കിൽ കേരളത്തിലെ ദൈനംദിന ചെലവുകൾ പോലും പരുങ്ങലിലാകും. പ്രതിപക്ഷനേതാവ് പോലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ചു സംസാരിച്ചു. സി എ ജി റിപ്പോർട്ടിലൂടെ സംസ്ഥാനസർക്കാരിൻ്റെ യഥാർത്ഥ മുഖമാണു കാണാൻ സാധിക്കുന്നത്. വൻകിടക്കാരിൽ നിന്ന് പിരിച്ചെടുക്കാനുള്ള 22000 കോടി രൂപയുടെ കണക്ക് പുറത്തു വന്നു. എന്നാൽ അതിനെക്കുറിച്ചൊന്നും പറയാതെ ജനങ്ങളെ എങ്ങനെ കൊള്ളയടിക്കാം എന്ന് മാത്രമാണ് സംസ്ഥാനസർക്കാർ ചിന്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പിഞ്ചുകുഞ്ഞുങ്ങൾ പോലും കേരളത്തിൽ പീഡിപ്പിക്കപ്പെടുന്നു. വേണ്ട നടപടിയെടുക്കാൻ ശേഷിയുള്ള ഒരു ആഭ്യന്തരവകുപ്പ് ഇവിടെയില്ല. മാരകരോഗങ്ങൾക്കെതിരെ വേണ്ട മുൻ കരുതലുകൾ എടുക്കാൻ ആരോഗ്യവകുപ്പിനു സാധിച്ചില്ല. ജനങ്ങളുടെ ജീവിതത്തെ വലിയ അപകടത്തിലേക്കാണ് ഈ സർക്കാർ കൊണ്ടുപോകുന്നത്. നിപ സാധ്യതയുള്ള പ്രദേശങ്ങളിൽ ആരോഗ്യപ്രവർത്തനങ്ങൾക്ക് വേണ്ട സജ്ജീകരണം ചെയ്തില്ല. പനിയുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നതുപോലെയുള്ള അടിയന്തിരകാര്യങ്ങൾ പോലും ചെയ്തിട്ടില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കേരളം വിട്ടാൽ ഒന്നിക്കുന്ന പ്രതിപക്ഷകക്ഷികൾ കേരളത്തിലും പല വിഷയങ്ങളിലും ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുന്നു. ഭരണകക്ഷിയുടെ പല അഴിമതികൾക്കും കൂട്ടു നിൽക്കുന്നു. മാസപ്പടിവിവാദത്തിലും ഇവർ ഒന്നിച്ചാണ് നിൽക്കുന്നത്. ഇപ്പോൾ വീണ്ടും എല്ലാവരും സോളാർ കേസിൻ്റെ പിറകെ പോകുന്നു. ജനങ്ങളെ ബാധിക്കുന്ന പ്രധാനവിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനും അഴിമതിയിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനും വേണ്ടിയാണതെന്നും അദ്ദേഹം ആരോപിച്ചു. വരും ദിവസങ്ങളിൽ സർക്കാരിൻ്റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












