തിരുവനന്തപുരം: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഒരു മാധ്യമത്തില്‍ ഗൂഢാലോചനയില്ലെന്നു വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയെക്കുറിച്ചാണു താന്‍ പറഞ്ഞത്. കാള പെറ്റെന്നു കേട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഈ പരാമര്‍ശം വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഈ കേസില്‍ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നു മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.
ഗൂഢാലോചനയില്ലെന്നു താന്‍ തറപ്പിച്ചു പറയുകയല്ല ചെയ്തതെന്നു മുഖ്യമന്ത്രി ഇന്നു വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ തന്റെ മുന്നില്‍ ഒരു പത്രമുണ്ടായിരുന്നു. ഈ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന വാര്‍ത്ത ആ പത്രത്തില്‍ കണ്ടു. അതിനെക്കുറിച്ചാണു താന്‍ വേദിയില്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ഗൂഢാലോചനയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നതിനെക്കുറിച്ചും അന്വേഷണങ്ങളെക്കുറിച്ചും താന്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ അന്വേഷണത്തിലിരിക്കുന്ന വിഷയത്തെക്കുറിച്ചു താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി അവകാശപ്പെടുന്നത്.
സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തരുതായിരുന്നു എന്ന് മുതിര്‍ന്ന സിപിഐ നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. കേസിന്റെ അന്വേഷണഗതിയെത്തന്നെ ബാധിക്കാവുന്ന പരാമര്‍ശങ്ങളാണു മുഖ്യമന്ത്രി നടത്തിയതെന്നും വിലയിരുത്തലുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ വിശദീകരണം.
Discussion about this post