കൊച്ചി: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്റു കോളേജ് ചെയര്മാന് പി. കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പോലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം. ഏതു സാഹചര്യത്തിലായിരുന്നു കൃഷ്ണദാസിന്റെ അറസ്റ്റ് എന്ന സംശയം ഇന്നും കോടതി ഉന്നയിച്ചു. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി. കഴിഞ്ഞ ദിവസവും ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു.
കേസില്‍ പുതിയ തെളിവുകള്‍ ചേര്‍ത്ത ശേഷം പോലീസ് എന്ത് നടപടിയാണ് എടുത്തത്. ജിഷ്ണു പ്രണോയ് കേസിലെ ജാമ്യത്തില്‍ കൃഷ്ണദാസിന് കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. കോളേജില്‍ കയറാന്‍ അനുവാദമില്ലാത്ത കൃഷ്ണദാസ് എങ്ങനെ തെളിവ് നശിപ്പിക്കും. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും കോടതി ഉന്നയിച്ചു.
ലക്കിടി കോളേജിലെ പരാതിക്കാരനായ വിദ്യാര്‍ഥി അഭിഭാഷകന് മുഖേന ഇന്ന് കോടതിയില്‍ ഹാജരായി. കൃഷ്ണദാസ് ഒരേ സമയം മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് നിയമപരമായി നിലനില്‍ക്കില്ല എന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടി. എന്നാല്‍ വികാരത്തിന് അടിമപ്പെട്ട് വിധിപറയാനാകില്ല എന്ന് കോടതി പരാമര്‍ശിച്ചു.
മൂന്നുമണിക്കൂര്‍ നീണ്ട വാദമാണ് നടന്നത്. വാദം പൂര്‍ത്തിയാക്കി നാളെ വിധി പറയും.
Discussion about this post