തിരുവനന്തപുരം: അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്ഷന് ആവശ്യപ്പെട്ട് അപേക്ഷയുമായി വൃദ്ധകന്യാസ്ത്രീകള്‍ രംഗത്ത്. തിരുവനന്തപുരം സെന്റ് ആന്‍സ് മഠത്തിലെ കന്യാസ്ത്രീമാരാണ് പെന്‍ഷനു വേണ്ടി കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയത്. അസാധാരണമായ അപേക്ഷയെത്തുടര്‍ന്ന് കോര്പ്പറേഷന് വെല്‍ഫയര്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ഉപദേശം തേടി. കന്യാസ്ത്രീകള്‍ക്ക് പ്രത്യേകമായി ആനുകൂല്യം ഇതുവരെ ഏര്‍പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
മുട്ടടയിലുള്ള കോണ്‍വെന്റിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള പത്തോളം കന്യാസ്ത്രീമാരാണ് 50 വയസ്സിന് മുകളിലുള്ള അവിവാഹിതര്‍ക്കുള്ള പെന്‍ഷനുവേണ്ടി അപേക്ഷിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടെന്നും തങ്ങള്‍ക്ക് മരുന്നു വാങ്ങിക്കാനുള്ള പണം പോലുമില്ലെന്നും അപേക്ഷകരില്‍ ഒരാളായ സിസ്റ്റര്‍ ആഗ്നസ് പറഞ്ഞു. ഒരു സാമൂഹികകേന്ദ്രത്തില്‍ ജോലി ചെയ്യുന്നതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും ആഗ്നസ് വ്യക്തമാക്കി.
വൃദ്ധകന്യാസ്ത്രീകള്‍ പെന്ഷന് അര്‍ഹരാണോയെന്ന കാര്യം സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമല്ലെന്ന് വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത ഗോപാല്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ ഉള്പെട്ടതിനാല് സ്വതന്ത്ര്യമായി തീരുമാനം എടുക്കാന്‍ കോര്പ്പറേഷന് കഴിയില്ല, അതിനാലാണ് സര്‍ക്കാര്‍ ഉപദേശം തേടിയതെന്നും ഗീത ഗോപാല്‍ പറഞ്ഞു. മാസം 1,100 രൂപ വീതമാണ് പെന്ഷന് തുക. ജീവിതസാഹചര്യങ്ങളാല്‍ വിവാഹം കഴിക്കാന്‍ പറ്റാതെപോയ സ്ത്രീകള്‍ക്കാണ് പെന്ഷന് നല്‍കിവരുന്നത്. മതപരമായ വിശ്വാസആചാരങ്ങള്‍ കാരണം സ്വന്തം ഇഷ്ടപ്രകാരം വിവാഹജീവിതം വേണ്ടെന്നു വെച്ചവരാണ് അപേക്ഷകരെന്ന് കോര്പ്പറേഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നുണ്ട്.
ലത്തീന്‍ കത്തോലിക്ക സഭയുടെ കീഴില്‍ വരുന്ന സെന്റ് ആന്‍സ് കോണ്‍വെന്റില്‍ 20 സന്ന്യാസിനിമാരാണുള്ളത്. ഉപജീവനത്തിനുള്ള മാര്‍ഗം തനിയെ കണ്ടെത്തണം എന്നാണ് സഭാനിര്ദ്ദേശമെന്ന് ഇവര്‍ പറയുന്നു. കന്യാസ്ത്രീകള്‍ പെന്‍ഷനു വേണ്ടി അപേക്ഷ നല്കിയ വിവരം സഭ അറിഞ്ഞതായി തിരുവന്തപുരം അതിരൂപത വികാരി ജനറല്‍ യൂജീന്‍ എച്ച് പെരേര പറഞ്ഞു. കന്യാസ്ത്രീമാരെ ആരൊക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു. ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. സന്യാസം എന്നാല്‍ ജീവിതം സേവനത്തിന് വേണ്ടി മാറ്റിവെയ്ക്കലാണെന്നും ഇങ്ങനെയുള്ള അപേക്ഷകളെ സഭ പ്രോത്സാഹിപ്പിക്കില്ലെന്നും പെരേര വ്യക്തമാക്കി.
Discussion about this post