മംഗളൂരു: ബി.ജെ.പിയുടെ ‘മംഗളൂരു ചലോ’ ബൈക്ക് റാലിക്കെതിരെ നടപടിയുമായി കര്‍ണാടക പൊലീസ്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ അടക്കം നിരവധി ബി.െജ.പി നേതാക്കളെ പൊലീസ് കസ്റ്റഡയിലെടുത്തു. റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബി.ജെ.പി നേതാക്കള്‍. കൂടാതെ നിരവധി പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അക്രമ സംഭവങ്ങള്‍ മുന്നില്‍കണ്ട് വന്‍ പൊലീസ് സന്നാഹത്തെ മംഗളൂരുവില്‍ വിന്യസിച്ചിരുന്നു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നിരവധി സ്ഥലങ്ങളില്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. കര്‍ണാടകയില്‍ ഹിന്ദുക്കള്‍ക്കെതിരായ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി റാലി സംഘടിപ്പിച്ചത്.
അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബൈക്ക് റാലിക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തി. റാലിക്ക് ഉപയോഗിക്കാന്‍ വേണ്ടി എത്തിച്ച ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലാണ്. റാലിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച മുന്‍ ആഭ്യന്തരമന്ത്രി ആര്. അശോക, ശോഭ കരംദ് ലജ്, ബി.ജെ.പി യുവ മോര്‍ച്ച പ്രസിഡന്റ് പ്രതാപ് സിംഹ എന്നിവര്‍ ഉള്‍പ്പെടെ 200ലധികം പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
റാലി നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍, ബൈക്കുകള്‍ ഉപയോഗിച്ച് ഗതാഗതം തടയുന്നത് അംഗീകരിക്കാനാവില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയുടേത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
Discussion about this post