ഡൽഹി: പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലെ മിന്നലാക്രമണത്തിന് ശേഷമുള്ള മടങ്ങിവരവായിരുന്നു ഓപ്പറേഷനിലെ ഏറ്റവും ദുഷ്കരമായതെന്നു മിന്നലാക്രമണത്തിനു നേതൃത്വം നൽകിയ സൈനിക ഓഫിസർ. നാലുകേന്ദ്രങ്ങൾ തകർത്തു നാൽപതോളം ഭീകരരെ വധിച്ചതോടെ, ഞെട്ടലിൽ നിന്നുണർന്ന പാക്ക് സേന ഇന്ത്യൻ സംഘത്തിനു നേരെ നിരന്തരം വെടിയുതിർത്തു. മടക്കവഴിയിൽ തുറസ്സായ 60 മീറ്റർ ഭാഗത്ത് ഇഴഞ്ഞുനീങ്ങേണ്ടിവന്നു. ചുറ്റിനും വെടിയുണ്ടകൾ ചീറിപ്പായുന്നതിന്റെ മൂളിച്ചകൾക്കിടയിലായിരുന്നു ഓരോ ഇഞ്ചും ഇഴഞ്ഞുനീങ്ങിയത്.
ഒരു മണിക്കൂർകൊണ്ടു പാക്കിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണത്തിന്റെ അനുഭവ വിവരണം ഇതാദ്യമായി പുറത്തുവരുന്നത് ‘ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേൺ മിലിട്ടറി ഹീറോസ്’ എന്ന പുസ്തകത്തിലൂടെയാണ്. മിന്നലാക്രമണത്തിന് ഒരു വർഷം പൂർത്തിയാകുന്ന 29 ന് ആണു പുസ്തകത്തിന്റെ പ്രകാശനം. ദൗത്യത്തിനു നേതൃത്വം നൽകിയ മേജറിനെ ‘മൈക്ക് ടാംഗോ’ എന്ന പേരിലാണു പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ഇദ്ദേഹം ഉൾപ്പെടെ 20 അംഗ സംഘമാണു മിന്നലാക്രമണം നടത്തിയത്. ഉറി സൈനിക ക്യാംപിൽ ഭീകരർ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായിരുന്നു ഇത്. ഉറിയിൽ ജീവൻ നഷ്ടമായ യൂണിറ്റുകളിൽനിന്നുള്ള സൈനികരെയാണു ദൗത്യത്തിനുള്ള പിന്തുണ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പാക്ക് അധീന കശ്മീരിൽ ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടുന്നതിനായി പ്രവർത്തിച്ചിരുന്ന കേന്ദ്രങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു.
ഇന്റലിജൻസ് ബ്യൂറോ, ചാരസംഘടനയായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) എന്നിവയുടെ സഹായം ഇതിനുണ്ടായി. ചുരുക്കം ചിലർക്കു മാത്രമായിരുന്നു ദൗത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നത്. ദൗത്യസംഘത്തിലെ അംഗങ്ങളെ തിരഞ്ഞെടുത്തതു മേജർ ഒറ്റയ്ക്കാണ്. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിയന്ത്രണത്തിലും പാക്ക് സേനയുടെ പിന്തുണയിലും പ്രവർത്തിക്കുന്ന നാലു കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു. പാക്ക് അധീന കശ്മീരിലെ രണ്ടു ഗ്രാമീണരും ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലുള്ള രണ്ട് ഇന്ത്യൻ ചാരന്മാരും ഈ കേന്ദ്രങ്ങളുടെ കൂടുതൽ വിവരങ്ങൾ നൽകി. ഇതോടെ അന്തിമ ദൗത്യത്തിനു സംഘം സജ്ജമായി. ലക്ഷ്യസ്ഥാനത്തെത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയശേഷം കണ്ണിൽ കാണുന്ന മുഴുവൻപേരെയും കൊലപ്പെടുത്താനായിരുന്നു സംഘാംഗങ്ങൾക്കു നൽകിയ നിർദേശം.
ആക്രമണത്തേക്കാൾ ദുഷ്കരം തിരിച്ചുവരവാകുമെന്നു നേരത്തേതന്നെ വ്യക്തമായിരുന്നു. കുന്നു കയറി വേണം തിരികെ ഇന്ത്യൻ ഭൂഭാഗത്തേക്കു മടങ്ങാൻ. പാക്ക് സൈനിക പോസ്റ്റിൽ നേരെ കാണാവുന്ന പ്രദേശം. ഇത് അപകടമാവുമെന്നു കണ്ടു മടക്കം ദൂരക്കൂടുതലുള്ള മറ്റൊരുവഴിയാക്കി.
അതിർത്തിയിൽ ഇടയ്ക്കിടെ നടക്കാറുള്ള കൂട്ടപ്പൊരിച്ചിലിൽ വെടിയുണ്ടകളേറ്റു വൃക്ഷത്തലപ്പുകൾപോലും ഇല്ലാതിരുന്ന ഈ വഴിയിലൂടെയുള്ള മടക്കവും അതിസാഹസികമായിരുന്നു. സമീപത്തുകൂടി വെടിയുണ്ടകൾ പായുന്നതിന്റെ മൂളൽ… ഒരടികൂടി ഉയരം എനിക്കുണ്ടായിരുന്നെങ്കിൽ ജീവനോടെ തിരിച്ചെത്താൻ കഴിയുമായിരുന്നില്ല. ഒരു മണിക്കൂറിനുശേഷം പുലർച്ചെ നാലരയ്ക്കു ദൗത്യം പൂർത്തിയാക്കി, പോറൽപോലുമേൽക്കാതെ സംഘം തിരികെയെത്തി. എം4എ1 കാർബൈൻ റൈഫിളായിരുന്നു ദൗത്യത്തലവന്റെ വിശ്വസ്ത ആയുധം. എം4എ1എസ് റൈഫിൾ, ഇസ്രയേലി നിർമിത ടാവർ ടാർ 21 റൈഫിൾ, ഗ്രനേഡ് ലോഞ്ചറുകൾ, ഗാലിൽ സ്നിപ്പർ റൈഫിളുകൾ തുടങ്ങിയവയും സംഘാംഗങ്ങൾ ഉപയോഗിച്ചു.
Discussion about this post