ആലപ്പുഴ: മതഭീകരവാദ സംഘടനയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ വിലക്ക് ഏര്‍പ്പെടുത്തിയ പോപ്പുലര്‍ഫ്രണ്ടിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടി വിവാദത്തിലേക്ക്. സിപിഎമ്മിലെ പ്രബല വിഭാഗവും മുസഌം തീവ്രവാദ സംഘടനയുമായുള്ള അവിശുദ്ധ ബന്ധം ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ മറുപക്ഷം ശ്രമം തുടങ്ങി.
കുഞ്ഞാലിക്കുട്ടിക്കെതിരായ പീഡനക്കേസില്‍ വിഎസ് ശക്തമായ പോരാട്ടം നടത്തിയപ്പോള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ലീഗിന് ഒത്താശ ചെയ്യുകയും ചെയ്ത വിഭാഗമാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെയും പിന്തുണയ്ക്കുന്നതെന്നാണ് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐ കോടിയേരി ബാലകൃഷ്ണനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പിന്തുണച്ചതും, പരസ്യമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും ഇവര്‍ നേരത്തെ തന്നെ തുടരുന്ന ബന്ധത്തിന്റെ തെളിവാണ്.
മുസ്ലീം ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തെയും പോപ്പുലര്‍ഫ്രണ്ടിനെയും തരാതരം പോലെ പ്രീണിപ്പിച്ച് നേട്ടം ഉണ്ടാക്കുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് സ്വാതന്ത്യദിനത്തില്‍ ഫ്രീഡം പരേഡ് നടത്തുന്നതിന് പോപ്പുലര്‍ഫ്രണ്ടിന്റെ മുന്‍ രൂപമായ എന്‍ഡിഎഫിന് അനുവാദം നല്‍കിയിരുന്നില്ല. ഇവര്‍ ഇരുപത് വര്‍ഷത്തിനകം കേരളത്തെ മുസ്ലീം ഭൂരിപക്ഷമാക്കാന്‍ ശ്രമിക്കുന്നവരാണെന്നും, സ്വാതന്ത്യദിനം ആഘോഷിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണെന്നുമായിരുന്നു മുഖ്യമന്ത്രി അച്യുതാനന്ദന് വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി സിപിഎമ്മുകാരനായ മുഖ്യമന്ത്രി വെളിപ്പെടുത്തിയ സംഘടനയെയാണ് ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന് വെള്ളപൂശുന്നത്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ലെന്നാണ് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പോപ്പുലര്‍ഫ്രണ്ടിനോടുള്ള നിലപാട് സംബന്ധിച്ച് പാര്‍ട്ടി വേദികളിലൊന്നും ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി ഏകപക്ഷീയമായി പ്രസ്താവന നടത്തിയത് അംഗീകരിക്കാനാകില്ലെന്നും അഭിപ്രായം ഉയരുന്നു.
പല പ്രദേശങ്ങളിലും എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാര്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ചിട്ടും പാര്‍ട്ടി നേതൃത്വം കാര്യക്ഷമമായി ഇടപെടാതിരുന്നത് ആലപ്പുഴ ജില്ലയിലടക്കം പാര്‍ട്ടി സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനിടെ എസ്ഡിപിഐയുടെ ജില്ലാ നേതാക്കളെ വരെ വന്‍ സമ്മേളനങ്ങള്‍ നടത്തി സിപിഎമ്മിലേക്ക് സ്വീകരിക്കുന്നതും പതിവായി.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസ്ക്കിന്റെ മണ്ഡലത്തില്‍ എസ്ഡിപിഐക്കാര്‍ക്ക് നല്കിയ സ്വീകരണത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി വരെ പങ്കെടുത്തിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പലയിടത്തും എസ്ഡിപിഐ പിന്തുണയ്ക്കുന്നതും സിപിഎമ്മിനെയാണ്. പ്രാദേശിക തലങ്ങളില്‍ ഒരേ സമയം പോപ്പുലര്‍ഫ്രണ്ടിലും സിപിഎമ്മിനൊപ്പവും പ്രവര്‍ത്തിക്കുന്നവരും വര്‍ദ്ധിക്കുകയാണ്.
Discussion about this post