ആലപ്പുഴ: സിപിഎം-സിപിഐ തര്‍ക്കം തുടരുമ്പോള്‍ സിപിഐയില്‍ നിന്ന് തന്നെ പാര്‍ട്ടിക്കെതിരെ ഭിന്ന ശബ്ദമുയരുന്നു. കായല്‍ കയ്യേറിയ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളു എന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ടെന്നും ഇസ്മയില്‍ ആലപ്പുഴയില്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് സിപിഐയ്ക്കുള്ളില്‍ ചര്‍ച്ചചെയ്യും. തന്നോട് പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ലെന്നും ഇസ്മയില്‍ വ്യക്തമാക്കി.
തോമസ് ചാണ്ടിയുടെ രാജിക്ക് ഇടയാക്കിയ സീറോ ജട്ടി റോഡ് നിര്‍മാണത്തിലും സിപിഐയെ സമ്മര്‍ദത്തിലേക്ക് തള്ളിയിടുന്നതാണ് ഇസ്മയിലിന്റെ പ്രതികരണം. എം.പി. ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടെന്ന് കെ.ഇ.ഇസ്മയില്‍ പറഞ്ഞു. പ്രാദേശിക നേതൃത്വം ശുപാര്‍ശ ചെയ്ത അപേക്ഷ സംസ്ഥാനനേതൃത്വം പരിശോധിച്ചു. ഈ അപേക്ഷയിലാണ് ഫണ്ട് അനുവദിച്ചതെന്ന് ഇസ്മയില്‍ വിശദീകരിച്ചു. ലേക് പാലസ് റിസോര്‍ട്ടില്‍ ഇതുവരെ പോയിട്ടില്ല. അവിടുത്തെ ആതിഥ്യം സ്വീകരിച്ചിട്ടില്ലെന്നും മുന്‍ മന്ത്രി അവകാശപ്പെട്ടു.
തോമസ് ചാണ്ടിയുടെ രാജിയില്‍ സിപിഎം സിപിഐ പോര് കടുക്കുന്നതിനിടെയാണ് ഇസ്മയിലിന്റെ നിലപാട് പുറത്തുവരുന്നത്. റോഡിനു ഫണ്ട് അനുവദിച്ചത് ഇസ്മയിലിന്റെ കാലത്തായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post