തിരുവനന്തപുരം: സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മൂന്നാം ദിനത്തില്‍ കേരളത്തിന്റെ തിരിച്ചടി. നിര്‍ണായക മല്‍സരത്തില്‍ സൗരാഷ്ട്രയോട് ഏഴ് റണ്‍സ് ലീഡ് വഴങ്ങിയ കേരളം, രണ്ടാം ഇന്നിങ്സില്‍ 69 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കേരളാ ഇന്നിങ്സില്‍ നിര്‍ണായകമായത്. ഒന്‍പതു ഫോറും മൂന്നു സിക്സറുകളും ഉള്‍പ്പെടെയാണ് സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കെ.ബി.അരുണ്‍ കാര്‍ത്തിക് അര്‍ധസെഞ്ചുറി നേടി. കേരളത്തിനിപ്പോള്‍ 263 റണ്‍സിന്റെ ലീഡുണ്ട്.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സൗരാഷ്ട്രയ്ക്കെതിരെ വിജയിച്ചാല്‍ മാത്രമേ മൂന്നാം സ്ഥാനക്കാരായ കേരളത്തിന് നോക്കൗണ്ട് ഘട്ടത്തിലേക്കു മുന്നേറാനാകൂ. ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലാണ് കേരളം ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്. ജലജ് സക്സേന, രോഹന് പ്രേം എന്നിവര്‍ 44 റണ്‍സ് വീതമെടുത്ത് പുറത്തായി. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 225 പിന്തുടര്‍ന്ന സൗരാഷ്ട്ര 232 റണ്‍സിനു പുറത്തായിരുന്നു. സ്കോര്‍ 107ല്‍ നില്‍ക്കെ ഓപ്പണര്‍മാരായ പട്ടേലിനെയും (49) റോബിന് ഉത്തപ്പയെയും (86) മടക്കിസ്പിന്നര് സിജോമോന്‍ ജോസഫാണ് കേരളത്തിനു പ്രതീക്ഷ നല്‍കിയത്. ഒരു ഘട്ടത്തില്‍ ഏഴിനു 178 റണ്‍സ് എന്ന നിലയില്‍ സൗരാഷ്ട്ര കൂപ്പുകുത്തി. എട്ടാം വിക്കറ്റില്‍ ജെ.എം.ചൗഹാനും (30*) ജയ്ദേവ് ഉത്കാന്തും (26) കേരളത്തിന്റെ പ്രതീക്ഷകളെ തകിടംമറിച്ച് സൗരാഷ്ട്രയ്ക്കു നിര്‍ണായക ലീഡ് സമ്മാനിച്ചു. ഇരുവരെയും ബേസില്‍ തമ്പി പുറത്താക്കി.
റോബിന് ഉത്തപ്പയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍ 86 റണ്‍സ്. 43 റണ്‍സ് മാത്രം വഴങ്ങിയാണ് കേരളത്തിനുവേണ്ടി സിജോമോന്‍ ജോസഫ് നാലു വിക്കറ്റ് വീഴ്ത്തിയത്. 36 റണ്‍സ് വഴങ്ങിയായിരുന്നു ബേസില്‍ തമ്പിയുടെ മൂന്നു വിക്കറ്റ് നേട്ടം. കെ.സി.അക്ഷയ്, ജലജ് സക്സേന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Discussion about this post