കൊച്ചി പെരുമ്പാവൂര്‍ സ്വദേശി ജിഷയുടെ കൊലപാതകക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ ഏക പ്രതിയാണ് അമീറുള്‍ ഇസ്ലാം. ശിക്ഷ പിന്നീട് വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഏക പ്രതിയായ അമീറുള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പോലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഐപിസി 449, 342, 376,301 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറൽ,അന്യായമായി തടഞ്ഞ് വെക്കൽ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. പട്ടികവര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു.
ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായകമായത്. അസം സ്വദേശി അമീറുള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി.
2016 ഏപ്രില്‍ 28 ന് രാത്രി ഏട്ട് മണിയോടെയാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായ രീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയെ കണ്ടെത്താന്‍ പോലീസിന് ദീര്‍ഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു. മുഴുവന്‍ നാട്ടുകാരുടെയും വിരലടയാളം അടക്കമുള്ളവ ശേഖരിച്ചുവെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് ആദ്യം കഴിഞ്ഞില്ല. നാട്ടുകാരടക്കം പലരിലേക്കും സംശയം നീണ്ടു. തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ കൊല നടന്ന് 49-ാം ദിവസമായ 2016 ജൂണ്‍ 14 ന് അസം സ്വദേശി അമീറുള്‍ ഇസ് ലാമിനെ കേരള – തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് പോലീസ് പിടികൂടി. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പോലീസ് കണ്ടെത്തിയത്.
പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ ചുമത്തിയിട്ടുള്ളതിനാലാണ് കേസിന്റെ വിചാരണ കുറുപ്പംപടി കോടതിയില്‍നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, വീട്ടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കു ശേഷം തെളിവ് നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്.
യുവതിയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, യുവതിയുടെ നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്, വീടിനു പുറത്തുനിന്ന് കിട്ടിയ ഒരു ജോടി ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ തെളിവുകള്‍.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു.
Discussion about this post