ന്യൂഡൽഹി; ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നേരിട്ട് ഫോണിൽ വിളിച്ചഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ടീം ഇന്ത്യയുമായി ഫോണിൽ സംസാരിക്കുകയും എല്ലാ കളിക്കാരെയും അഭിനന്ദിക്കുകയും ചെയ്തു.
ക്യാപ്റ്റൻ രോഹിത് ശർമ്മയോട് സംസാരിക്കുകയും അദ്ദേഹത്തിൻ്റെ ‘മനോഹരമായ’ ക്യാപ്റ്റൻസിയെ അഭിനന്ദിക്കുകയും ചെയ്തു. രോഹിത് ശർമയുടെ ടി20 കരിയറിനെ അഭിനന്ദിക്കുകയും ചെയ്‌തു അദ്ദേഹം.
പ്രിയ @ImRo45, നിങ്ങള്‍ മികച്ച വ്യക്തിത്വമാണ്. നിങ്ങളുടെ ആക്രമണാത്മക മനോഭാവവും ബാറ്റിംഗും ക്യാപ്റ്റന്‍സിയും ഇന്ത്യന്‍ ടീമിന് പുതിയ മാനം നല്‍കി. നിങ്ങളുടെ ടി20 കരിയര്‍ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിക്കപ്പെടും. ഇന്ന് നേരത്തെ നിങ്ങളോട് സംസാരിച്ചതില്‍ സന്തോഷമുണ്ടെന്ന് മോദി എക്സിൽ തുടർന്ന് കുറിച്ചു.
ഇന്ത്യയെ ഒരു മികച്ച സ്‌കോർ ഉയർത്താൻ സഹായിച്ച് പ്ലെയർ ഓഫ് ദി മാച്ച് ആയി 76 റൺസ് നേടിയ വിരാട് കോഹ്‌ലിയെയും അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ ഓർത്തെടുക്കുകയും ചെയ്തു. പിന്നാലെ നിങ്ങളോട് സംസാരിച്ചതിൽ സന്തോഷം. ഫൈനലിലെ ഇന്നിംഗ്‌സ് പോലെ, നിങ്ങൾ ഇന്ത്യൻ ബാറ്റിംഗിനെ മികച്ച രീതിയിൽ തന്നെ കൊണ്ടുപോയി. കളിയുടെ എല്ലാ രൂപത്തിലും നിങ്ങൾ തിളങ്ങി. ടി20 ക്രിക്കറ്റിൽ നിങ്ങളെ മിസ്സ് ചെയ്യും എന്നത് ഉറപ്പാണ്, പക്ഷേ പുതിയ തലമുറയിലെ കളിക്കാരെ നിങ്ങൾ തുടർന്നും പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
ഇന്ത്യൻ ബൗളർമാരായ ഹാർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പാണ്ഡ്യയുടെ അവസാന ഓവറിനെ അദ്ദേഹം അഭിനന്ദിക്കുകയും കളിയുടെ അവസാനത്തിൽ ബുംറയുടെ അവസാന ഓവറിനെക്കുറിച്ച് വളരെ ഏറെ പ്രശംസിക്കുകയും ചെയ്തു. തൻ്റെ നിർണായക ക്യാച്ചിന് സൂര്യ കുമാർ യാദവിനെ പരാമർശിക്കാൻ അദ്ദേഹം മറന്നില്ല. ഇന്ത്യയുടെ മുഖ്യപരിശീലകനെന്ന നിലയിലുള്ള യാത്ര അവിശ്വസനീയമെന്ന് വിശേഷിപ്പിച്ച മോദി, രാഹുൽ ദ്രാവിഡിന്റെ സംഭവനയ്ക്കും നന്ദി പറഞ്ഞു. രാഹുല്‍ ദ്രാവിഡിന്റെ അവിശ്വസനീയമായ കോച്ചിംഗ് യാത്ര ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയത്തെ രൂപപ്പെടുത്തിയെന്ന് മറ്റൊരു പോസ്റ്റില്‍ മോദി പറഞ്ഞു.’അദ്ദേഹത്തിന്റെ അചഞ്ചലമായ അര്‍പ്പണബോധവും തന്ത്രപരമായ ഉള്‍ക്കാഴ്ചകളും ശരിയായ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതും ടീമിനെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കും തലമുറകളെ പ്രചോദിപ്പിച്ചതിനും ഇന്ത്യ അദ്ദേഹത്തോട് നന്ദിയുള്ളവരാണെന്ന് പ്രധാനമന്ത്രി കുറിച്ചു.









