ബെംഗളൂരു: ഇന്ത്യക്കാരനെന്ന വ്യാജ രേഖകളുമായി ബെംഗളൂരുവില്‍ താമസിച്ച ബംഗ്ലാദേശി അറസ്റ്റില്‍. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇയാള്‍ സംഘടിപ്പിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ടും പിടിച്ചെടുത്തു. ബംഗ്ലാദേശിലെ ഖുല്‍നയില്‍ നിന്നുള്ള മുഹമ്മദ് അലി ഷെയ്ഖ് ആണ് ടി ദാസറഹള്ളിയില്‍ വാടകയ്ക്കു താമസിക്കുകയും ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുക്കുകയും ചെയ്തത്. ഇതുപയോഗിച്ച് ഒഡീഷയിലെ ഹരിദാസ്പുരില് നിന്ന് ഓഗസ്റ്റ് 30നു ബംഗ്ലാദേശിലേക്കു പോകാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ സംശയം തോന്നിയ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഇയാളുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ഇന്ത്യന്‍ പൗരനെന്നു തെളിയിക്കുന്ന യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ബെംഗളൂരുവിലേക്കു തിരിച്ചയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ബംഗ്ലാദേശി പൗരനാണെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നു ബെംഗളൂരു ബാഗല്‍ഗുണ്ടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ഫോറിനേഴ്സ് ആക്ട്, പാസ്പോര്‍ട്ട് ആക്ട് എന്നിവയനുസരിച്ചാണ് കേസുകള്‍.
തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ പ്രവേശന സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇയാള്‍ വ്യാജമായി സംഘടിപ്പിക്കുകയും ഇതുപയോഗിച്ച് ജൂണില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. താമസ വിവരങ്ങള്‍ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും ഇയാള്‍ കബളിപ്പിച്ചു. ഈ പൊലീസ് ഉദ്യോഗസ്ഥനു കാരണം കാണിക്കല്‍ നോട്ടിസ് അയച്ചതായും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Discussion about this post