ഇന്ത്യയുടെ ബഹിരാകാശ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് 3ന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്.ഒ. നിലവില്‍ 4 ടണ്‍ വരുന്ന സാമഗ്രികള്‍ വഹിക്കാന്‍ ശേഷിയുള്ള ജി.എസ്.എല്‍.വി മാര്‍ക്ക് 3ന്റെ കരുത്ത് 6 ടണ്ണിലേക്ക് വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്ന് ഐ.എസ്.ആര്.ഒ തലവന്‍ കെ.ശിവന് വ്യക്തമാക്കി. ഇതിനായി മണ്ണെണ്ണ ശുദ്ധീകരിച്ച് നിര്‍മ്മിക്കുന്ന ഇന്ധനത്തെയാണ് ഉപയോഗിക്കുക.
മണ്ണെണ്ണ ശുദ്ധീകരിച്ച് നിര്‍മ്മിക്കുന്ന കെരൊലോക്സ് എന്ന ഇന്ധനമാണ് ഇനി മുതല്‍ ഉപയോഗിക്കാന്‍ പദ്ധതി. മുന്‍പ് ഉപയോഗിച്ചിരുന്ന ഇന്ധനമായ ഹൈഡ്രൊലോക്സിനെക്കാള് പത്ത് മടങ്ങ് സാന്ദ്രത കെരൊലോക്സിനുണ്ട്. ഇത് മൂലം കൂടുതല്‍ കരുത്ത് ജി.എസ്.എല്‍.വി മാര്‍ക്ക് 3ന് ലഭിക്കു. കൂടാതെ മുറിയിലെ താപനിലയില്‍ കെരൊലോക്സിന്റെ ഘടനയില്‍ മാറ്റമുണ്ടാവുകയുമില്ല.
എലണ്‍ മസ്കിന്റെ സ്പേയ്സ് എക്സ് എന്ന ബഹിരാകാശ കമ്പനിയും കെരൊലോക്സാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. നിലവില്‍ നാല് ടണ്ണിലധികുമുള്ള സാമഗ്രികള്‍ വിക്ഷേപിക്കാനായി ഏരിയന്‍സ്പേയ്സ് കമ്പനിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ജി.എസ്.എല്‍.വിയില്‍ മാറ്റങ്ങള്‍ വരുന്നതോടെ ഐ.എസ്.ആര്.ഒയുടെ ചിലവിലും സമയത്തിലും ലാഭം നേടാനാകുമെന്ന് കെ.ശിവന് വ്യക്തമാക്കി.
ജി.എസ്.എല്‍.വി മാര്‍ക്ക് 3യുടെ ആധുനിക പതിപ്പിന്റെ ആദ്യ പരീക്ഷണം ഡിസംബര്‍ 2020ഓടെ നടക്കുമെന്ന് കെ.ശിവന് വ്യക്തമാക്കി. ജി.എസ്.എല്‍.വിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനൊപ്പം തന്നെ ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡിലും മാറ്റങ്ങള്‍ വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post