യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതി കൂടതലാണെന്ന അഭിപ്രായവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സമാനമായ രീതിയില്‍ നികുതി യു.എസ് ഈടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാഷിങ്ടണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും മറ്റ് രാജ്യങ്ങളുമായും യു.എസിനുള്ള ബന്ധത്തെപ്പറ്റിയും ട്രംപ് സംസാരിച്ചു. ഇന്ത്യ യു.എസ് മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്സണുമേല് ചുമത്തുന്ന തീരുവയെപ്പറ്റി ട്രംപ് സംസാരിച്ചു. ഹാര്‍ലി ബൈക്കുകള്‍ക്ക് ഇന്ത്യ 100 ശതമാനം നികുതിയാണ് ചുമത്തുന്നത്. അതേസമയം ഇന്ത്യന്‍ നിര്‍മ്മിത ബൈക്കുകള്‍ക്ക് 2.4 ശതമാനം നികുതിയാണ് യു.എസ് ചുമത്തുന്നത്.
ഇന്ത്യ ഹാര്‍ലി ബൈക്കുകള്‍ക്ക് മേല്‍ ചുമത്തുന്ന നികുതി താന്‍ സംസാരിച്ച് 50 ശതമാനമാക്കി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങള്‍ യു.എസിന് മേല്‍ അധിക നികുതി ചുമത്തുമ്പോള്‍ യു.എസും തിരിച്ച് അതേപോലുള്ള നികുതി ചുമത്തണമെന്നാണ് ട്രംപിന്റെ അഭിപ്രായം. എന്നാല്‍ യു.എസ് സെനറ്റില്‍ നിന്നും തന്റെ ഈ അഭിപ്രായത്തിനെതിരെ വിമര്‍ശനമാണ് ലഭിക്കുന്നതെന്ന് ട്രംപ് വെളിപ്പെടുത്തി. നികുതി യു.എസ് കൂട്ടരുതെന്നാണ് സെനറ്റ് ആവശ്യപ്പെടുന്നത്.
Discussion about this post