താമരശ്ശേരി ചുരത്തിന്റെ നിര്‍മ്മാതാവായ ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തിയ കരിന്തണ്ടന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ വയനാട് മലകയറ്റം. ഇന്ന് രാവിലെയാണ് കരിങ്കണ്ടന്‍ സ്മൃതി മണ്ഡപത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി എത്തി പുഷ്പാര്‍ച്ചന നടത്തിയത്. എന്‍ഡിഎ നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നമ്മളെ അടക്കി ഭരിച്ചിരുന്ന സായിപ്പുമാര് ചതിച്ച് കൊലപ്പെടുത്തിയ കരിന്തണ്ടന്റെ അനുഭവം ആര്‍ക്കും ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മുക്ക് ഒരുമിച്ച് നമ്മുടെ നാടിനായ് പ്രവര്‍ത്തിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രചരണമാരംഭിച്ചതിന് പിറകെ വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എന്‍ഡിഎ ദേശീയ നേതൃത്വം തന്നെ നിയോഗിക്കുകയായിരുന്നു. മികച്ച പോരാട്ടം കാഴ്ച വെക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വയനാട് എത്തിയ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വലിയ വരവേല്പാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍ ഒരുക്കിയത്. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ തുഷാറിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വൈകാതെ അദ്ദേഹം പ്രചരണവും ആരംഭിച്ചു.
Discussion about this post