ഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് പരമോന്നത ബഹുമതിയായ ഭാരതരത്ന സമ്മാനിക്കും.
പ്രശസ്ത സംഗീതജ്ഞൻ ഭൂപൻ ഹസാരിക, ഭാരതീയ ജനസംഘം സ്ഥാപക നേതാവ് നാനാജി ദേശ്മുഖ് എന്നിവർക്കും കഴിഞ്ഞ ജനുവരിയിൽ ഭാരതരത്ന പ്രഖ്യാപിച്ചിരുന്നു. രാഷ്ടപതി ഭവനിൽ വൈകുന്നേരം ആറിനാണ് പുരസ്കാരദാനം. ഭൂപൻ ഹസാരികക്കും നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം സമ്മാനിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തിലും പാര്‍ലമെന്ററി ജീവിതത്തിലും രാജ്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പ്രണാബ് മുഖർജിക്ക് ഭാരത രത്ന നൽകുന്നത്. 83കാരനായ പ്രണബ് മുഖര്‍ജി 2012- 2017 കാലഘട്ടത്തിൽ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു.
ഭാരതരത്ന പുരസ്കാരം നേടിയ പ്രണാബ് മുഖർജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ‘പ്രണബ് ദാ നമ്മുടെ കാലത്തെ മികച്ച രാഷ്ട്രതന്ത്രജ്ഞനാണ്. അദ്ദേഹം പതിറ്റാണ്ടുകളായി നിസ്വാര്‍ത്ഥമായും അശ്രാന്തമായും രാജ്യത്തെ സേവിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമാനതകളില്ലാത്ത ജ്ഞാനത്തിനും ബുദ്ധിക്കും ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിന് ഭാരതരത്ന ലഭിച്ചതിൽ വളരെയേറെ സന്തോഷമുണ്ട്.’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Discussion about this post