യുഎസിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ കേരളത്തിന്റെ അഭിമാനമായി മാറി ശ്രദ്ധ മോഹൻ എന്ന കുട്ടനാട്ടുകാരി. നരേന്ദ്രമോദിക്കൊപ്പം യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വേദി പങ്കിട്ട പരിപാടിയിൽ സ്വാഗതഗാനം ആലപിച്ചാണ് ശ്രദ്ധ ശ്രദ്ധനേടിയത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ‘വി ആർ പ്രൗഡ് ഓഫ് ഹു വി ആർ’ എന്ന ഇംഗ്ലിഷ്–ഹിന്ദി ഗാനമാണ് ശ്രദ്ധ ആലപിച്ചത്.
നാലുപേരടങ്ങുന്ന സംഘത്തിലെ പ്രധാന ഗായികയായിരുന്നു 28കാരിയായ ശ്രദ്ധ. അമേരിക്കയിലുടനീളമായി നടത്തിയ ഒരു മത്സരത്തിൽ വിജയിച്ചാണ് ശ്രദ്ധ ഈ അവസരം സ്വന്തമാക്കിയത്. റഷി പട്ടേലാണ് സംഗീതം.
കുട്ടനാട്ടിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി ആർ വെങ്കിടാചലത്തിന്റെ ചെറുമകൻ വിവേകിന്റെ ഭാര്യയാണ് ശ്രദ്ധ. 2015ലായിരുന്നു ഇരുവരുടെയും വിവാഹം. മദ്രാസ് സർവകലാശാലയിൽ എംഎ മ്യൂസിക് വിദ്യാർത്ഥിനിയായിരുന്നു ശ്രദ്ധ അന്ന്.
വിവാഹശേഷം യുഎസിൽ താമസമാക്കുകയായിരുന്നു ഇരുവരും. യുഎസിലെ ഇന്ത്യൻ രാഗ എന്ന കർണാടക സംഗീതജ്ഞരുടെ കൂട്ടായ്മയിലെ അംഗമായതോടെയാണു ശ്രദ്ധ ശ്രദ്ധേയയായത്. കെമിക്കൽ എൻജിനീയറാണ് വിവേക്. അമേരിക്കയിലേക്കു പോകുന്നതിനു മുൻപായി ശ്രദ്ധ വിവേകിന്റെ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം മങ്കൊമ്പിലെ കുടുംബ വീട്ടിലെത്തിയിരുന്നു.അഞ്ച് മാസം പ്രായമായ സമരത് ഏകമകൻ.
Discussion about this post