പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്നു പീഡിപ്പിച്ചെന്ന പരാതിയിൽ 4 യുവാക്കൾ അറസ്റ്റിൽ. വെട്ടുതുറ സ്വദേശി സോജൻ(23), മര്യനാട് സ്വദേശികളായ അഭിലാഷ്(25), ടോമി(23), നിരഞ്ജൻ(20) എന്നിവരെയാണു പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ടു സ്കൂളിൽ നിന്നു വീട്ടിലേക്കു വരികയായിരുന്ന ഒൻപതാം ക്ലാസുകാരിയെയാണു ബൈക്കിൽ വന്ന നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പെൺകുട്ടി വീട്ടിലേക്കു പോകാൻ ഇറങ്ങിയതാണെന്നു കേസെടുത്ത കഠിനംകുളം പൊലീസ് അറിയിച്ചു.
പിറ്റേന്നു രാവിലെ കുട്ടിയെ തുമ്പ ഭാഗത്തു റോഡിൽ ഇറക്കിവിടുകയായിരുന്നു. പെൺകുട്ടി അറിയിച്ചതനുസരിച്ചു വീട്ടുകാർ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ പൊലീസ് നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു.
കോവളം, വർക്കല ബീച്ചുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണു വിദ്യാർത്ഥിനി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. പ്രതികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നു വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ആറ്റിങ്ങൽ ഡിവൈഎസ്പി കെ.എ.വിദ്യാധരൻ അറിയിച്ചു.
Discussion about this post