ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധമുയര്ന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടികള്‍ നല്കി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമം ലംഘിച്ചാല്‍ നിഷ്പക്ഷനായിരിക്കില്ലെന്നും, മുഖത്ത് നോക്കി ചോദ്യങ്ങള്‍ ചോദിച്ചാല്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട്ടില്‍ പോയി ഇരിക്കുകയല്ലേ നല്ലതെന്നും അദ്ദേഹം ചോദിച്ചു.ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിലാണ് ഗവര്‍ണര്‍ എല്ലാ വിവാദങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞത്.
ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ ചരിത്രകാരന് ഇര്ഫാന് ഹബീബ് എന്റെ മുഖത്ത് നോക്കിയാണ് ചോദ്യങ്ങള്‍ ചോദിച്ചത്, മറുപടി പറയേണ്ട ബാധ്യത എനിക്കുണ്ട്.. നിയമം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം തനിക്കുണ്ട്. അതിന് കഴിയില്ലെങ്കില്‍ രാജിവച്ച് വീട്ടില്‍ പോയാല്‍ മതിയല്ലോ എന്നും ഗവര്‍ണര്‍ ചോദിച്ചു. രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ചത് ഇര്ഫാന് ഹബീബ് ആണ്. ചോദ്യങ്ങള്‍ ഉണ്ടായാല്‍ ഉത്തരവും ഉണ്ടാകും. മൗനിയായിരിക്കാന്‍ കഴിയില്ല. നിയമത്തെ ചോദ്യം ചെയ്താല്‍ നിഷ്പക്ഷമായി ഇരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന് ന്യൂനപക്ഷത്തെ ക്രൂരമായി അടിച്ചൊതുക്കുന്നു.വിഭജനത്തിന്റെ ദുരിതങ്ങള്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷം ഇന്നും അനുഭവിക്കുന്നു. അവരെ രക്ഷിക്കാനുള്ള ബാധ്യത ഇന്ത്യയ്ക്കുണ്ട്. താന്‍ തന്നെ ന്യൂനപക്ഷമായി കരുതുന്നില്ല. ന്യുനപക്ഷം സംബന്ധിച്ച് ഭരണഘടന നിര്‍വ്വചിച്ചിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ബലം പ്രയോഗിച്ച് താന്‍ നിയമം നടപ്പാക്കിയേനെ. കാരണം വാക്കു കൊടുത്തത് നെഹ്റുവും ഇന്ദിരാഗാന്ധിയുമാണ്. പക്ഷേ അങ്ങനെ ചെയ്യണമെന്ന് താന്‍ സര്‍ക്കാരിനെ ഉപദേശിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളുിടെ മനസ്സില്‍ ഭീതി വിതക്കാനുള്ള നീക്കമാണ് നടക്കുന്നത്.. മുമ്പു ഇത് നടന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം പരാജയപ്പെട്ട ചരിത്രമാണ് ഇന്ത്യയുടേത്. മുമ്പുള്ള അനുഭവം വച്ചു നോക്കിയാല്‍ തനിക്കെതിരെ നടക്കുന്ന ആക്രമണം ഒന്നുമല്ല.തന്നെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാര്‍ ആദ്യം ഭരണഘടന വായിക്കട്ടെ. അതിന് ശേഷം അവര്‍ പറയുന്നത് താന്‍ കേള്‍ക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുളള മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post