ഇന്ത്യ-ചെെന അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉത്തരവാദി ചൈനയെന്ന് അമേരിക്ക. ചൈനയുടേത് ‘തെമ്മാടിയുടെ ചെയ്തി’കളാണെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കുറ്റപ്പെടുത്തി.
ഇന്ത്യയുമായുള്ള അതിര്‍ത്തി തർക്കം സംഘര്‍ഷഭരിതമാക്കിയത് ചൈനീസ് സൈന്യമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അയല്ക്കാര്ക്കു നേരെ മാത്രമല്ല തെമ്മാടിത്തം കാണിക്കുന്നത്, അത് എല്ലാവരെയും ബാധിക്കുന്നതാണ്. അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതു കേള്‍ക്കുക മാത്രമല്ല, അവരുടെ ചെയ്തികളും നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്. തെക്കന്‍ ചൈനാ കടലിനെ സൈനികവത്കരിച്ചത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അന്യായമായി അവര്‍ അവിടെ കൂടുതല്‍ പ്രദേശങ്ങള്‍ക്കു മേല്‍ അവകാശവാദം ഉന്നയിച്ചു- പോംപിയോ പറഞ്ഞു.
ഹോങ്കോങ്, ടിബറ്റ്, സിന്‍ജിയാങ്, ഇന്ത്യന്‍ അതിര്‍ത്തി, ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്‍ഡോനേഷ്യ, വിയറ്റ്നാം, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ചൈനയുടെ ചെയ്തികള്‍ പരിശോധിക്കപ്പെടണം. കൊറോണ വൈറസ് ചൈനയ്ക്കു പുറത്തേക്ക് എങ്ങനെ എത്തി എന്നതില്‍ അന്വേഷണം വേണം. എങ്ങനെയാണ് വൈറസ് വുഹാനില്‍ നിന്ന് മിലാനില്‍ എത്തിയത്? എങ്ങനെയത് ടെഹ്റാനിലെത്തി? എങ്ങനെ ഒക്ലഹോമയിലെത്തി? ബെല്‍ജിയം, സ്പെയിന് എന്നിവിടങ്ങളിലെല്ലാം എങ്ങനെയാണ് വൈറസ് വന്നത്? എങ്ങനെയാണ് അത് ആഗോള സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തത്? – കോപ്പന്‍ഹേഗന്‍ ഡെമോക്രസി സമ്മേളനത്തില്‍ പോംപിയോ വ്യക്തമാക്കി.
കൊറോണയെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത് കള്ളമാണ്. ലോകാരോഗ്യ സംഘടനയെ സമ്മര്‍ദ്ദത്തിലാക്കി വൈറസ് ലോകം മുഴുവന്‍ പടരാന്‍ ഇടവരുത്തിയത് അവരാണ്. ഇന്ന് ആയിരക്കണക്കിനു പേര് വൈറസ് മൂലം മരിച്ചിരിക്കുന്നു. സമ്പദ് വ്യവസ്ഥ താറുമാറായിരിക്കുന്നു. ഇപ്പോഴും വൈറസ് എങ്ങനെ വന്നു എന്നതില്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഡിസംബറില്‍ വുഹാനിലെ വൈറസ് ബാധിതര്‍ ആരൊക്കെയന്നതില് സുതാര്യതയില്ല- യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു.
Discussion about this post