ഡൽഹി: ചൈനയുടെ പ്രകോപനങ്ങൾക്ക് സമസ്ത മേഖലയിലും മറുപടി നൽകാനുറച്ച് ഇന്ത്യ. ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകാനുള്ള നിർദ്ദേശം കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദലൈലാമക്ക് ഭാരതരത്ന നൽകാനുള്ള നിർദ്ദേശവുമായി ഭാരത് ടിബറ്റ് സഹയോഗ് മഞ്ച് കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ദലൈലാമക്ക് പുരസ്കാരം നൽകുന്നതിലൂടെ ചൈനയ്ക്ക് കൃത്യമായ മറുപടി നൽകാൻ ഇന്ത്യക്കാകുമെന്ന് സംഘടന വ്യക്തമാക്കുന്നു.
ചൈന ടിബറ്റ് കൈയടക്കിയതിന് പിന്നാലെ ടിബറ്റൻ തലസ്ഥാനമായ ലാസയിൽനിന്ന് അനുയായികളുമൊത്ത് ഇന്ത്യയിലേക്ക് പലായനം ചെയ്ത ആത്മീയ നേതാവാണ് ദലൈലാമ. ഇന്ത്യയിൽ രാഷ്ട്രീയ അഭയാർത്ഥിയായാണ് ദലൈലാമ നിലവിൽ കഴിയുന്നത്. 2019-ൽ വിവിധ രാഷ്ട്രീയ കക്ഷികളിലെ എം.പിമാർ, ബി.ജെ.പി. നേതാവ് ശാന്ത കുമാറിന്റെ നേതൃത്വത്തിൽ ദലൈലാമയ്ക്ക് ഭാരതരത്ന നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. മുൻ വിദേശകാര്യ സെക്രട്ടറി നിരുപം റാവു, ചരിത്രകാരനായ രാമചന്ദ്ര ഗുഹ, മുൻ ബംഗാൾ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവരും നിർദ്ദേശത്തെ അനുകൂലിച്ചിരുന്നു.
Discussion about this post