വാഷിംഗ്ടൺ: ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനോട് ആവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസ്സ് അംഗങ്ങൾ. അമേരിക്കൻ ജനതയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഈ വിഷയത്തിൽ യുക്തമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസ്സിലെ 25 അംഗങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് കത്ത് നൽകി.
ദേശസുരക്ഷ പരിഗണിച്ച് ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ കൈക്കൊണ്ട തീരുമാനം അതുല്യമായ നടപടിയാണെന്നും കത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ഈ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടാവാമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
ചൈന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ആ രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. ഏകാധിപത്യ സ്വഭാവമുള്ള ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം, കമ്പനികളോട് വിവരങ്ങൾ ആവശ്യപ്പെട്ടാൽ അത് നൽകാതിരിക്കാൻ അവർക്കാവില്ലെന്നും അതു കൊണ്ട് ചൈനീസ് ആപ്പുകൾ വിശ്വാസയോഗ്യമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ടിക് ടോക് പോലെയുള്ള ആപ്പുകൾ ജനാധിപത്യ മര്യാദ കാണിക്കുന്നില്ലെന്നും അമേരിക്കൻ കോൺഗ്രസ്സ് അംഗങ്ങൾ വ്യക്തമാക്കുന്നു. ടിയാനന്മെൻ സ്ക്വയർ, ടിബറ്റൻ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് ടിക്ടോകിൽ അപ്രഖ്യാപിത വിലക്കുണ്ട്. ഇത് ചൈനയുടെ ഏകാധിപത്യ രാഷ്ട്രീയത്തിന്റെ പ്രതീകമാണെന്നും ജനാധിപത്യത്തിന് അവ ആവശ്യമില്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അത് ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും അമേരിക്കൻ കോൺഗ്രസ്സ് അംഗങ്ങൾ അഭിപ്രായപ്പെടുന്നു.
രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്നു എന്ന കാരണത്താൽ ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾക്ക് അടുത്തയിടെ ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു.
Discussion about this post