തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി സി.ബി.ഐ. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ സംഘം വീട്ടിലെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൊഴിയെടുക്കല്‍ നടപടി സി.ബി.ഐ ആരംഭിച്ചത്.
2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. മകള്‍ തേജസ്വിനി ബാല സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. ബാലഭാസ്ക്കാര് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ക്കെ തന്നെ ദുരൂഹതകള്‍ നിലനിന്നിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ദുരൂഹതയില്ലെന്നായിരുന്നു കണ്ടെത്തല്‍.
പിന്നാലെ ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവും മാസങ്ങള്‍ക്ക് ശേഷം സ്വര്‍ണക്കടത്തു കേസില്‍ പിടിക്കപ്പെട്ടു. ഇതോടെയാണ് ബാലഭാസ്കറിന്റെ മരണത്തില്‍ കൂടുതല്‍ സംശയങ്ങളുണ്ടായത്. തുടര്‍ന്ന് ബാലഭാസ്കറിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
Discussion about this post