തിരുവനന്തപുരം∙ രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുമ്പോൾ സെക്രട്ടേറിയറ്റ് കെട്ടിടത്തിനു തീപിടിത്തം ഉണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം 2006-ൽ ലാവ്ലിന് ഫയലുകൾ തേടി സിബിഐ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്.
യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഫയലുകൾ പ്രോട്ടോകോൾ വിഭാഗത്തിൽനിന്ന് എൻഐഎയും ഇഡിയും ആരാഞ്ഞ ഘട്ടത്തിലാണ് ഇപ്പോൾ തീപിടിത്തമുണ്ടായത്. കന്റോൺമെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിലേക്കു കയറുമ്പോൾ പഴയ നിയമസഭാ മന്ദിരം കഴിഞ്ഞ് നോർത്ത് ബ്ലോക്ക് ആരംഭിക്കുന്നയിടത്ത് ഒന്നാം നിലയിലാണ് 2006-ൽ ചെറിയ തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടായിരുന്നു കാരണം. ഇതിനു താഴത്തെ നിലയിലാണ് സെക്രട്ടേറിയറ്റിലെ ഫയലുകൾ സൂക്ഷിക്കുന്ന റെക്കോർഡ് റൂം.
ലാവ്ലിന് കേസ് ആദ്യം അന്വേഷിച്ച വിജിലൻസ് സംഘത്തിന് ഊർജവകുപ്പിലെ ചില പ്രധാന ഫയലുകൾ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തിയെങ്കിലും ഫയൽ കണാനില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഫയൽ സെക്രട്ടേറിയറ്റിൽ വീണ്ടും ‘പ്രത്യക്ഷപ്പെട്ടെന്ന’ വിവരം ലഭിച്ചതിനെത്തുടർന്നു സിബിഐ സംഘം രാവിലെ സെക്രട്ടേറിയറ്റിലെ റെക്കോർഡ് റൂമിലെത്തി ചുമതലയുള്ള അണ്ടർ സെക്രട്ടറിയോട് വിവരങ്ങൾ ആരാഞ്ഞു. 4 മണിക്കുള്ളിൽ ഫയൽ നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സംഘം മടങ്ങിയതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. നാശനഷ്ടങ്ങളുണ്ടായില്ല. പിന്നീട് ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അനുവാദത്തോടെ സിബിഐക്കു കൈമാറുകയായിരുന്നു.
Discussion about this post