ഡല്‍ഹി: ചൈനയെ പ്രതിരോധിക്കാന്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എ.സി) വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്കായി അമേരിക്ക പ്രതിരോധ സേനയുടെ കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകള്‍. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് സെക്ടര്‍ എന്നിവിടങ്ങളിലെ പ്രതിരോധ സേനകള്‍ അടക്കം ലഡാക്കില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കായി 60,000 ജാക്കറ്റുകളാണ് ഇന്ത്യന്‍ സൈന്യം സൂക്ഷിക്കുന്നത്. തണുപ്പ് പ്രതിരോധ വസ്ത്രങ്ങള്‍ അടിയന്തരമായി ഏറ്റെടുക്കുന്നത് വഴി കഠിനമായ ശൈത്യകാലത്ത് ലഡാക്ക് മേഖലയില്‍ വിന്യസിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് സഹായകരമാകും.
ചൈനീസ് സേന നടത്തിയ ആക്രമണം കണക്കിലെടുത്ത് 90,000 സൈനികരെ ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഈ വര്‍ഷം 30,000ത്തോളം സൈനികരുടെ അധിക വിന്യാസമാണ് ഉണ്ടായിട്ടുള്ളത്. ലഡാക്കില്‍ എത്തിച്ച ഇന്ത്യന്‍ പര്‍വത ഡിവിഷന് അടക്കം രണ്ട് അധിക ഡിവിഷന് സൈനികര്‍ ഹൈ ആള്‍ട്ടിട്ട്യൂഡ് ഓപറേഷന് വര്‍ഷങ്ങളായി പരിശീലനം ലഭിച്ചവരാണ്.
Discussion about this post